ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ; പകർച്ചവ്യാധികളുടെ കണക്കില്ല

Share our post

ആലപ്പുഴ: ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പകർച്ചവ്യാധികളുടെ വിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്നില്ല. താഴെത്തട്ടിൽനിന്ന് കൃത്യമായി വിവരം കിട്ടാത്തതും ക്രോഡീകരിച്ച് ഓൺലൈനിൽ അപ്‌ലോഡുചെയ്യാൻ ആളില്ലാത്തതുമാണ് കാരണമെന്നാണു വിവരം.

ഈ മാസം 23 വരെയുള്ള പകർച്ചവ്യാധികളുടെ കണക്കു മാത്രമാണ് ജില്ലയിലേതുൾപ്പെടെ പുറത്തുവിട്ടിട്ടുള്ളത്. 25 മുതലായിരുന്നു ഓണാവധി. 24-ന് ഓഫീസുകൾക്ക് പ്രവൃത്തിദിവസമായിരുന്നു. എന്നിട്ടും, അന്നത്തെ പകർച്ചവ്യാധികളുടെ വിവരം പൂർണമായും താഴെത്തട്ടിൽനിന്ന് ശേഖരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്കു കഴിഞ്ഞില്ല. എച്ച്‌1എൻ1, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ വ്യാപകമായിരിക്കേ കണക്കുകൾ കിട്ടാത്തത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കും.

പകർച്ചവ്യാധികളുടെ വിവരം ദിവസേന ജില്ലതലത്തിലും സംസ്ഥാനതലത്തിലും കിട്ടിയാൽ മാത്രമേ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാകൂ. ഏതെങ്കിലും പ്രദേശത്ത് പകർച്ചവ്യാധികൾ വ്യാപകമായെങ്കിൽ നടപടികൾ സ്വീകരിക്കേണ്ടതും ദിവസേനയുള്ള റിപ്പോർട്ടിങ് അടിസ്ഥാനമാക്കിയാണ്. ആരോഗ്യവകുപ്പിലെ ആശമാർ ഉൾപ്പെടെയുള്ള ഫീൽഡുജീവനക്കാർ നൽകുന്ന വിവരമനുസരിച്ച് പ്രാഥമികാരോഗ്യകേന്ദ്രവും കുടുംബാരോഗ്യകേന്ദ്രവും മുതൽ മുകളിലേക്കുള്ള ആശുപത്രികളാണ് ജില്ലതലത്തിൽ വിവരം കൈമാറേണ്ടത്. ഇതിനായി ഓൺലൈൻ സംവിധാനം നിലവിലുണ്ട്.

ഇന്റഗ്രേറ്റഡ് ഡിസീസ് സർവെലൻസ് പ്രോഗ്രാം (ഐ.ഡി.എസ്.പി.) വഴി ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ലഭ്യമാക്കേണ്ടതാണ്. സംസ്ഥാനതലത്തിൽ കൃത്യമായി കിട്ടാത്തതിനാൽ കേന്ദ്രത്തിനും കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല. പകർച്ചവ്യാധികളുടെ വിവരം ജില്ലതലത്തിൽ കൈമാറുന്നതിന് ഇടതു സർക്കാരിന്റെ കാലത്തുതന്നെ വിലക്കുണ്ട്. യു.‍‍ഡി.എഫ്. സർക്കാരും അത് പിന്തുടർന്നു. ഇതിനിടെയാണ് പകർച്ചവ്യാധി റിപ്പോർട്ടിങ് മുടങ്ങിയതിനെത്തുടർന്ന് കണക്ക് പുറത്തുവിടാനാകാത്ത സ്ഥിതിയുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!