മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടു; വൻ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് പരിശോധനാ റിപ്പോർട്ട്

Share our post

കോഴിക്കോട്: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവന്ന ഭരണസമിതിക്കെതിരെയാണ് നടപടി. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരാതിയിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.

യൂണിയൻ രൂപീകരിച്ചതിന് ശേഷം ഇതുവരെ കൃത്യമായ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പൊതുയോഗം വിളിച്ച് കണക്കുകൾ സുതാര്യമായി അവതരിപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തൽ. നഷ്ടപ്പെട്ട തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാതെ കണക്കിൽ കുറവ് വരുത്തി ക്രമക്കേട് നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം ഉൾപ്പെടെയുള്ള ക്രമക്കേടുകളും പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84.45 ലക്ഷം രൂപയുടെ കുറവും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിനായി ഒന്നര കോടി രൂപ ചെലവഴിച്ചതായും 50 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച് ഭരണചുമതല കൈമാറി. ആറ് മാസത്തിനുള്ളിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!