റൗഡി ലിസ്റ്റില്‍ ചേന്തി അനിലുണ്ടെന്ന് പൊലീസ്; മുഖ്യമന്ത്രി പോകാത്തത് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കാതിരുന്നത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.മുരളീധരൻ. താനും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നെന്നും മുഖ്യമന്ത്രി എത്താത്തതിനാൽ യോഗം റദ്ദാക്കിയെന്ന് സംഘാടകർ അറിയിച്ചതിനാലാണ് പോകാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന് ഉച്ചയ്ക്കു തന്നെ അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്താൽ പൊലീസ് നടപടി ഉണ്ടാകുന്നതു സ്വാഭാവികമാണെന്നും ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനു മുരളീധരൻ മറുപടി നൽകി.
മുഖ്യമന്ത്രിയെ വഴിയിൽ തടയുന്ന സംഭവമുണ്ടായാൽ പാർട്ടിക്കു നടപടി സ്വീകരിക്കേണ്ടിവരും. നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി അധിക്ഷേപകരമായി സംസാരിക്കുന്നത് ഒരു സംസ്‌കാരത്തിനും യോജിച്ച നടപടി അല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു മാത്രമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സമാനമായി പലയിടത്തും അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കോഴിക്കോട് ഒരു പരിപാടിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വച്ച് പണപ്പിരിവു നടത്തുന്നതായി വിവരം കിട്ടി. അതേക്കുറിച്ചു വിശദീകരണമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരു ജയന്തി പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. മുതിർന്ന നേതാവായ പീതാംബരക്കുറുപ്പ് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ കാറിനടുത്തെത്തി പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി കാറിനു പുറത്തിറങ്ങിയപ്പോഴാണ് ചേന്തി അനിൽ അടുത്തെത്തി സംസാരിച്ചത്. മര്യാദയ്ക്കു സംസാരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മര്യാദയ്ക്കു സംസാരിച്ചില്ലെങ്കിൽ എന്തു ചെയ്യും എന്നായിരുന്നു അനിലിന്റെ മറുപടി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ അനിലിനെ മാറ്റിവിടുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി കാറിൽ കയറി യാത്ര തുടർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ അനിലിനെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 2020ൽ ചേന്തി അനിലിന്റെ വീട്ടിൽ പുത്തൻപാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ടവർ ഒത്തുചേർന്നതു വിവാദമായിരുന്നു. അനിൽ റൗഡി ലിസ്റ്റിലുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
