ഉള്ളി കക്ഷത്തില്‍ വെച്ചാല്‍ പനിക്കും? കുട്ടികാലത്ത് വീട്ടുകാര്‍ നിങ്ങളെ വിശ്വസിച്ചത് എന്തുകൊണ്ടായിരിക്കും
ഉള്ളിയുടെ കഷണം കക്ഷത്തില്‍ വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പനി വരുമോ? ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പണ്ട് കാലങ്ങളില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ കുട്ടികള്‍ പയറ്റിയിരുന്ന ഈ തന്ത്രത്തിന് പിന്നില്‍ ശാസ്ത്രീയമായി ഒരു അടിത്തറയുമില്ല.
രോഗകാരികളായ ബാക്ടീരിയകളോ വൈറസുകളോ ശരീരത്തില്‍ പ്രവേശിക്കുകയും പ്രതിരോധ വ്യവസ്ഥ അതിനോട് പ്രതികരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പനി ഉണ്ടാകുന്നത്.
അങ്ങനെയെങ്കില്‍ പണ്ട് വീട്ടുകാര്‍ തന്നെ എങ്ങനെയാണ് വിശ്വസിച്ചതെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. ഉള്ളി കക്ഷത്തില്‍ വെക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണവും ഉള്ളിയുടെ സ്വാഭാവിക താപനിലയും കാരണം കക്ഷത്തിലെ ചര്‍മത്തില്‍ കുറച്ച് നേരത്തേക്ക് ഒരു ചെറിയ താപനില അനുഭവപ്പെട്ടേക്കാം.
ഇത് തെര്‍മോമീറ്ററില്‍ ‘ഫേക്ക് റീഡിങ്’ കാണിക്കാനും കാരണമാകും. എന്നാല്‍ ഈ താപനില ശരീര താപനില ക്രമീകരിക്കുന്ന തലച്ചോറിലെ ‘ഹൈപ്പോതലാമസി’ല്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ല.
അതേസമയം ഉള്ളി കക്ഷത്തില്‍ വെച്ച് അമര്‍ത്തുന്നത് മൂലം ചര്‍മത്തില്‍ ചൊറിച്ചിലോ എരിച്ചിലോ അനുഭവപ്പെടാം. ഇതൊരു സ്വാഭാവിക പ്രതികരണമാണെന്നും പനിയുടെ ലക്ഷണങ്ങളല്ലെന്നും മനസിലാക്കുക.
സോക്‌സിനുള്ളില്‍ ഉള്ളി വെച്ചാല്‍ പനി കുറയുമെന്നും രോഗം മാറുമെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ശാസ്ത്രീയമായി തെറ്റാണെന്ന് അമേരിക്കന്‍ നാഷണല്‍ ഓണിയന്‍ അസോസിയേഷനും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
