അധിക്ഷേപ പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരെ ചെറുവിരലനക്കാതെ പൊലീസ്

Share our post

നീറ്റ് പരീക്ഷാക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് ആശയപ്രചാരകന്‍ ടി.ജി.മോഹന്‍ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്. താനായിരുന്നുവെങ്കില്‍ സമരക്കാരെ വെടിവച്ച് കൊന്നേനെയെന്ന മോഹന്‍ദാസിന്‍റെ വിഡിയോ ഇപ്പോഴും യുട്യൂബില്‍ തുടരുകയാണ്. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. മോഹന്‍ദാസ് കൂടുതല്‍ വിഡിയോ അപ്​ലോഡ് ചെയ്തിട്ടുമുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്നവരാണെന്ന ഹീനമായ പരാമര്‍ശവും ടി.ജി.മോഹന്‍ദാസ് നടത്തിയിരുന്നു. കൂട്ടബലാല്‍സംഗം ചെയ്താല്‍ പോലും അവര്‍ക്ക് പരാതിയില്ലെന്നും മോഹന്‍ദാസ് വിഡിയോയില്‍ പറഞ്ഞിരുന്നു. താനായിരുന്നുവെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും പിരിഞ്ഞു പോകാന്‍ മൂന്നുതവണ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കുമായിരുന്നുവെന്നും ശവം പെറുക്കി ആശുപത്രിയിലെത്തിക്കുമെന്നുമായിരുന്നു മോഹന്‍ദാസിന്‍റെ വിവാദ പ്രസ്താവന.

വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം മോഹന്‍ദാസിന്‍റെ പ്രസ്താവനയ്​ക്കെതിരെ ഉയര്‍ന്നത്. വിദ്വേഷവും അധിക്ഷേപവും തുളുമ്പുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയില്ലാത്തത് ഇത്തരം പ്രചാരണങ്ങള്‍ തുടരാന്‍ പ്രോല്‍സാഹനമാണെന്നായിരുന്നു വിമര്‍ശനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!