മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
ഇരിട്ടി: ആറളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജെയ്മി തോമസും ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പും അറിയിച്ചു.
ശരീരവേദന, ഛർദി, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ രോഗികൾ മൂന്നാഴ്ച പൂർണ വിശ്രമം പാലിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതും ഒഴിവാക്കണം. രോഗബാധിതരുടെ വീടുകളിലേക്ക് ബന്ധുക്കൾ ഉൾപ്പെടെയുള്ള സന്ദർശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴ്പള്ളി, ആറളം ഫാം സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതോടെ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വാർഡ് അടിസ്ഥാനത്തിൽ എല്ലാ വീടുകളിലെയും കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും വാർഡ് തല യോഗങ്ങൾ, മൈക്ക് അനൗൺസ്മെന്റുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും കുടിവെള്ള ടാങ്കുകളുടെ ശുചീകരണവും വിവിധ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ രോഗബാധിതരും കുടുംബാംഗങ്ങളും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായി കണ്ടെത്തുകയോ ചെയ്താൽ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
