നവജാത ശിശു കടത്ത് ശ്രമക്കേസ്: ആറുമാസത്തിനിടെ ഒരു കുഞ്ഞിനെ വിറ്റതായി കണ്ടെത്തൽ; പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും

Share our post

കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ ഒരു നവജാത ശിശുവിനെ സംഘം പണം വാങ്ങി വിറ്റതായി കണ്ടെത്തിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിൽ നിയമവിരുദ്ധമായി നവജാത ശിശുക്കളെ ഏറ്റെടുക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘടിത സംഘത്തിന്റെ സാന്നിധ്യമാണ് വ്യക്തമായിരിക്കുന്നത്. കേസിൽ ഇതുവരെ തമിഴ്നാട് സ്വദേശി രാജാ, വാഗമൺ സ്വദേശി അർജുൻ, കൊല്ലം സ്വദേശിനി അനീന എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ അനീനയാണ് ഇൻസ്റ്റാഗ്രാം വഴി ഗർഭിണികളായ യുവതികളുമായി ബന്ധപ്പെടുകയും സന്നദ്ധസംഘടനയുടെ പേരിൽ വിശ്വാസം നേടി സംഘത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ആസം സ്വദേശിനിയായ 22-കാരിയെ പ്രസവത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ജൂലൈ 16-ന് തീക്കോയിലുള്ള വീട്ടിലെത്തിച്ച ശേഷമാണ് സംഭവം നടന്നത്. പ്രസവശേഷം കുഞ്ഞിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ മർദനത്തിനിരയായി. തുടർന്ന് സാഹസികമായി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പിന്നീട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

തന്നെ കൂടാതെ ആ വീട്ടിൽ രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നുവെന്നും, അവർ പ്രസവിച്ച കുഞ്ഞുങ്ങളെ സംഘം മറ്റുള്ളവർക്ക് വിറ്റുവെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റുകൾ നടന്നതും.

സംഘം ആളൊഴിഞ്ഞ വീടുകളിൽ ഗർഭിണികളെ പാർപ്പിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ പണം വാങ്ങി കൈമാറുന്ന രീതിയിലായിരുന്നു പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കേസിന് പിന്നിൽ കൂടുതൽ ആളുകൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സംശയം. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൂടാതെ, പ്രതികളുടെ സാമ്പത്തിക ഇടപാടുകളും കുഞ്ഞുങ്ങളെ കൈമാറിയതായി സംശയിക്കുന്ന ശൃംഖലയുമാണ് ഇനി അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദുവാകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!