ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ സ്റ്റേ ചെയ്ത് കോടതി

Share our post

ന്യൂഡൽഹി: എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ ഡൽഹി കോടതി സ്‌റ്റേ ചെയ്തു. പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിജയശ്രീ റാത്തോർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021ൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 12-നും 2026 ഏപ്രിൽ 11-നും ആണ് ഐഷി ഘോഷിനെതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചത്.

ഡൽഹിയിലെ ബംഗാ ഭവനിൽ നടന്ന പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും പേരിലുള്ളതാണ് ഈ കേസ്. കോടതി നടപടികളിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റുകൾ പുറപ്പെടുവിച്ചിരുന്നത്.

ഈ കേസിൽ ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനിലെത്തിയതോടെ സ്ഥലത്ത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഐഷിയെ അറസ്റ്റുചെയ്യാനാണ് രണ്ടു വനിതകളടങ്ങിയ പോലീസ് സംഘം എത്തിയത്. ജോൺ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തിൽ, പാർട്ടി ഓഫീസിനകത്ത് കടന്നുകയറിയുള്ള നീക്കത്തെ ചോദ്യംണ്ടചെയ്തതോടെ പോലീസ് മടങ്ങി. മഫ്തിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ജാമ്യമില്ലാ വാറന്റ് കാണിച്ചെങ്കിലും യൂണിഫോം ധരിക്കാതെ എത്തിയത് ചൂണ്ടിക്കാട്ടി ബ്രിട്ടാസ് എതിർത്തു.

ജന്തർമന്തറിലെ വിദ്യാർഥി സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളാണ് ഐഷി ഘോഷ്. സമരം ചെയ്യുന്ന വിദ്യാർഥികളെല്ലാം കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും തന്റെ ഫോണടക്കം ഡൽഹി പോലീസ് ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഐഷി ഘോഷ് ആരോപിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!