പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

Share our post

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്സഭയിൽ പാസായി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് പൊതുപരീക്ഷാ(അന്യായമാർഗങ്ങളുടെ തടയൽ)ഭേദഗതി ബിൽ തിങ്കളാഴ്ച അവതരിപ്പിച്ചത്. അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷംവരെയായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽനിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽനിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽനിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽനിന്ന് എട്ടു വർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.

സംഘടിത പരീക്ഷാക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നു വർഷത്തെ തടവ് അഞ്ചുവർഷമായും ഒരു കോടി രൂപ പിഴ അഞ്ചുകോടി രൂപയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽനിന്ന് ഏഴുവർഷമായും പിഴ ഒരു കോടിയിൽനിന്ന് പത്തുകോടിയായും ഉയർത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!