എംഡിഎംഎ വിൽപ്പനയ്ക്ക് ഉപയോഗപ്പെടുത്തിയത് ടീച്ചർമാരുടെ അക്കൗണ്ട്‌, എത്തിയത് ലക്ഷങ്ങൾ; അറസ്റ്റ്

Share our post

വടകര: എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയ ഒരു യുവതികൂടി വടകര പോലീസിന്റെ പിടിയിൽ. പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെയാണ് വടകര എസ്.ഐ. പി. ഷമീറും സംഘവും പിടികൂടിയത്. ബാലുശ്ശേരിയിലാണ് ഇവർ ഇപ്പോൾ താമസം.

ജൂലായ് 11-ന് ഇതേകുറ്റത്തിന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്. എംഡിഎംഎ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ അയച്ചുനൽകും. ഇവിടെ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുന്നതാണ് രീതി.

എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. കീർത്തനയുടെ അക്കൗണ്ടിലെത്തുന്ന പണം കാവ്യയുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷങ്ങൾ ഇങ്ങനെ കൈമാറിയിട്ടുണ്ട്. 2000 രൂപവീതമാണ് കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. ഇത് വലിയ തുകയായാൽ കാവ്യയുടെ അക്കൗണ്ടിലേക്ക് കൈമാറും. അല്ലാതെയും കാവ്യയുടെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

എംഡിഎംഎ വിതരണക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വടകര സ്വദേശി സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയ കേസിന്റെ അന്വേഷണമാണ് കാവ്യയിലെത്തി നിൽക്കുന്നത്. സഫ്വാൻ എംഡിഎംഎ ലഭിക്കാൻ പണം അയച്ചുനൽകിയത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന് കീർത്തനയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒട്ടേറെപ്പേർ ഇത്തരത്തിൽ പണം അയച്ചതായി കണ്ടെത്തി. നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യംചെയ്തശേഷമാണ് പോലീസ് കാവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എസ്.പി. മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ. പി. ഷമീർ എന്നിവരാണ് കേസന്വേഷിക്കുന്നത്. എ.എസ്.ഐ.മാരായ കെ.കെ. സിജേഷ്, എം.പി. ഷീന, ഷീബ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കീർത്തനയെ പിരിച്ചുവിട്ടു

പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ കെ.സി. കീർത്തനയെ ബി.ആർ.സി. അധികൃതർ പിരിച്ചുവിട്ടു. കരാറടിസ്ഥാനത്തിലാണ് കീർത്തന ജോലിചെയ്തിരുന്നത്. കീർത്തനയെ പിരിച്ചുവിടണമെന്ന് എസ്.എസ്.കെ. സംസ്ഥാന പ്രോജക്ട് ഡയറക്ടറും നിർദേശംനൽകിയിരുന്നു. കാവ്യയും കരാറടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ എജുക്കേറ്ററായി ജോലിചെയ്യുന്നത്. ഭിന്നശേഷിക്കുട്ടികളുടെ പരിശീലകയാണ് കാവ്യ. പോലീസ് റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കാവ്യയെയും പിരിച്ചുവിടാൻ നടപടി സ്വീകരിക്കുമെന്ന് ബി.ആർ.സി. അധികൃതർ അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!