പുഴകളിലും കായലുകളിലും വേണം സുരക്ഷിത നീന്തൽ പോയിന്റുകൾ

Share our post

കണ്ണൂർ: മനുഷ്യന് പറക്കാൻ കഴിയാത്തതിന്റെ വിഷമം മാറ്റുന്ന കായികവിനോദമാണ് നീന്തൽ. പുഴകൾ, തോടുകൾ, കായലുകൾ, കടൽ എന്നിവയാൽ ചുറ്റപ്പെട്ട കേരളത്തിൽ നീന്തൽപഠിക്കാതെ സുരക്ഷിതമായി ജീവിക്കുക അസാധ്യമാണ്. ഉല്ലാസം മാത്രമല്ല, സ്വയംരക്ഷയ്ക്കും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും നീന്തലറിഞ്ഞേ പറ്റൂ. ഇത്രയേറെ പുഴകളും ജലാശയങ്ങളുമുണ്ടെങ്കിലും നാട്ടിലെ പുഴകളിലും ജലാശയങ്ങളിലും നീന്താനും പരിശീലനം നൽകാനും സുരക്ഷിതയിടങ്ങൾ കുറവാണ്. പുഴകളിലും കായലുകളിലും സുരക്ഷിതസ്ഥലങ്ങൾ അടയാളപ്പെടുത്തി അവിടെ ജീവൻരക്ഷാ ഉപകരണങ്ങളൊരുക്കാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

2000-ത്തിനുശേഷം ഇതുവരെ പതിനായിരത്തിലധികം പേർ സംസ്ഥാനത്ത് മുങ്ങിമരിച്ചതായാണ് കണക്ക്. വാഹനാപകടം കഴിഞ്ഞാൽ കൂടുതൽപേർ ജീവൻ വെടിയുന്നത് മുങ്ങിമരണത്തിലൂടെയാണ്. വർഷം 1000-ത്തിനും 1800-നുമിടയിൽ ആളുകൾ കേരളത്തിൽ മുങ്ങിമരിക്കുന്നതായാണ് കണക്ക്. എറണാകുളം ജില്ലയാണ് മുന്നിൽ. പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി ജില്ലകളും തൊട്ടുപിന്നാലെയുണ്ട്. പുഴ, തോട്, കുളങ്ങൾ, തടാകങ്ങൾ, പാറമടയിലെ വെള്ളക്കെട്ട്, കിണർ, കായൽ, കടൽ എന്നിവിടങ്ങളിൽ അബദ്ധത്തിൽ വീണും നീന്താനിറങ്ങുമ്പോഴുമാണ് കൂടുതലും അപകടം. മഴക്കാലത്തെന്നപോലെ വേനൽക്കാലത്തും മുങ്ങിമരണങ്ങളുണ്ടാകുന്നു. അഞ്ച് വയസ്സിനും 25 വയസ്സിനുമിടയിലുള്ളവരാണ് കൂടുതൽ മരിക്കുന്നത്.

സാഹസികതയും സെൽഫിയും വില്ലന്മാർ

 കൂടുതൽ മുങ്ങിമരണങ്ങൾക്കും കാരണം അശ്രദ്ധയും സാഹസികതയുമാണ്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് സെൽഫിയും കടന്നുവന്നിരിക്കുന്നു. കുളക്കരയിലും പുഴക്കരയിലും കടലോരത്തെ പാറക്കെട്ടിലും സെൽഫി എടുക്കുന്നതിനിടെ വീണുമരിച്ച സംഭവങ്ങൾ നിരവധിയാണ്. അല്പം നീന്തൽ അറിയാവുന്നവർ സാഹസികമായി വെള്ളത്തിലേക്ക് ഇറങ്ങുന്നതും ഒറ്റയ്ക്ക് വെള്ളത്തിലിറങ്ങുന്നതും അപകടസാധ്യത കൂട്ടും.

നീന്തൽ പഠിക്കണം കുഞ്ഞുനാളിലേ

 കേരളത്തിൽ മുങ്ങിമരിക്കുന്നവരിൽ കൂടുതലും 16 വയസ്സിൽ താഴെയുള്ള കുട്ടികൾ. നീന്തലറിയാത്തതാണ് മരണകാരണം. നീന്തൽ പഠിച്ച കുട്ടിക്ക് സ്വയംരക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും കഴിയും. ചെറുപ്പത്തിലേ പരിശീലനം നല്കുക വഴി മരണനിരക്ക് വലിയതോതിൽ കുറയ്ക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. സൈക്കിൾ ഓടിക്കാനും കംപ്യൂട്ടർ ഉപയോഗിക്കാനും പഠിപ്പിക്കുന്നതുപോലെ പ്രധാനമാണ് നീന്തലും എന്ന് പലരും തിരിച്ചറിയുന്നില്ല. നീന്തൽ പരിശീലിക്കുകയെന്നാൽ ആരോഗ്യവും ആത്മവിശ്വാസവുമുള്ള ഭാവി സമ്മാനിക്കുക എന്നുകൂടി അർഥമുണ്ട്.

ജലാശയങ്ങളിലും പുഴകളിലും നീന്താനും പരിശീലനത്തിനും സുരക്ഷിത ഇടങ്ങൾ അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കുകയും രക്ഷാഉപകരണങ്ങൾ ഒരുക്കുകയും വേണം. പരിശീലനത്തിനും ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ഓരോ വർഷവും ഫണ്ട് നീക്കിവെക്കാൻ പഞ്ചായത്തുകൾ തയ്യാറാകണം. സ്കൂൾ പാഠ്യപദ്ധതിയിലും നീന്തൽ ഉൾപ്പെടുത്തണം.

എന്തൊക്കെ ശ്രദ്ധിക്കാം

 അപരിചിതമായ വെള്ളക്കെട്ടുകൾ, ആഴവും ഒഴുക്കും അറിയാത്ത പുഴകൾ, ക്വാറിയിലെ വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഇറങ്ങാതിരിക്കുക. വെള്ളത്തിൽ ഇറങ്ങുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ കരുതുക. നന്നായി നീന്തൽ അറിയാവുന്നവരുടെ കൂടെ മാത്രമേ കുട്ടികളെ പുഴയിലേക്കും കുളങ്ങളിലേക്കും വിടാവൂ. നാലുവയസ്സുമുതൽ കുട്ടികൾക്ക് വെള്ളത്തിൽ പെരുമാറാനുള്ള പരിശീലനവും അഞ്ച്‌-ഏഴ്‌ വയസ്സുമുതൽ നീന്താനുള്ള പരിശീലനവും നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!