പ്രിയദർശിനി സൗജന്യയാത്ര; പുരുഷനെ സ്ത്രീയാക്കി വെട്ടിപ്പ് നടത്തി ചില കണ്ടക്ടർമാർ
കൊച്ചി: സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സർവീസുകളിൽ ചിലയിടങ്ങളിൽ സാമ്പത്തിക വെട്ടിപ്പ്. വനിതായാത്രക്കാർക്കുള്ള ‘സീറോ ടിക്കറ്റ്’ പുരുഷയാത്രക്കാർക്കും നൽകിയാണ് വെട്ടിപ്പ്. ഇവരിൽനിന്ന് ഈടാക്കുന്ന പണം ജീവനക്കാരുടെ പോക്കറ്റുകളിലേക്ക് പോകുന്നു. ചില സംഭവങ്ങളിൽ യാത്രക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണവും നടപടിയും തുടങ്ങി. പരാതി പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ ഒത്തുതീർപ്പാക്കാനുമുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
യാത്രക്കാർ ടിക്കറ്റ് ശ്രദ്ധിക്കാത്തത് മുതലെടുത്താണ് പുരുഷൻമാർക്ക് ‘സീറോ വാല്യു’ ടിക്കറ്റ് നൽകുന്നത്. പിടികൂടിയ ഒരു കേസിൽ തമിഴ്നാട് സ്വദേശിയാണ് പരാതിക്കാരൻ. ആലുവ-പറവൂർ റൂട്ടിൽ യാത്ര ചെയ്ത് ഇറങ്ങിയശേഷമാണ് തനിക്കു ലഭിച്ചത് വനിതകൾക്കുള്ള സൗജന്യയാത്രാ ടിക്കറ്റാണെന്ന് മനസ്സിലാക്കിയത്. ഉടൻ കെ.എസ്.ആർ.ടി.സി.യുടെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിലേക്ക് ഇ-മെയിൽ മുഖാന്തരം പരാതിനൽകി. അന്വേഷണം നടന്നപ്പോൾ സംഭവസമയത്ത് ബസിൽ തിരക്കായിരുന്നെന്നും കാഴ്ചകുറയുന്ന പ്രശ്നമുള്ളതായും താത്കാലിക ജീവനക്കാരനായ കണ്ടക്ടർ മൊഴിനൽകി. ടിക്കറ്റ് റിപ്പോർട്ട് പരിശോധിച്ചതിൽ 34 യാത്രക്കാർ മാത്രമാണ് ആ സമയം ബസിലുണ്ടായിരുന്നതെന്ന് വ്യക്തമായി. കണ്ടക്ടർ സാമ്പത്തികലാഭമുണ്ടാക്കിയെന്ന അന്വേഷണറിപ്പോർട്ടാണ് ഉന്നതാധികൃതർക്ക് ലഭിച്ചിരിക്കുന്നത്.
മറ്റൊരു കേസ് എറണാകുളം-ഗുരുവായൂർ റൂട്ടിലായിരുന്നു. ഒരു യാത്രക്കാരൻ തനിക്ക് ലഭിച്ചത് സൗജന്യ ടിക്കറ്റാണെന്ന് പറഞ്ഞതോടെ കണ്ടക്ടർ ആ ടിക്കറ്റ് തിരിച്ചുവാങ്ങുകയും ‘മെയിൽ’ ടിക്കറ്റ്, നൽകുകയും ചെയ്തു.
ആ സമയം പരാതിക്കാരനായ യാത്രക്കാരൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റേതും വനിതാ സൗജന്യ ടിക്കറ്റായിരുന്നു. കണ്ടക്ടറുടെ പെരുമാറ്റത്തിൽ സംശയംതോന്നി ബസിറങ്ങിയശേഷം കെ.എസ്.ആർ.ടി.സി. കൺട്രോൾ സെന്ററിലേക്ക് പരാതിനൽകി. ഉച്ചയ്ക്ക് ലഭിച്ച പരാതിയിൽ കണ്ടക്ടറുടെ ബാഗ് വൈകീട്ടാണ് അധികൃതർ പരിശോധിച്ചത്. 135 രൂപ അധികമായി കണ്ടെത്തി.
പൊന്നാനി ഡിപ്പോയിൽനിന്ന് പാലക്കാട്ടേക്കുള്ള ബസിൽ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവവും ഉണ്ടായി. അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
