കടലിലെ ചൂട് പേടിപ്പിക്കുമ്പോള്‍; മഴ കുറയുന്നു; കരുത്തു കാണിച്ച് എല്‍നിനോ

Share our post

മഴ കുറഞ്ഞു, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വന്നു, ചൂട് കുറയുന്നില്ല, മീന്‍മാര്‍ക്കറ്റില്‍ മത്തിയുടെ വരവ് കുറഞ്ഞതു എന്നിങ്ങനെയുള്ള എല്‍ നിനോ ആഘാതം മാത്രമാണ് കേരളം ഇതുവരെ അറിഞ്ഞത്. എന്നാല്‍ കേരളത്തിന്‍റെയും ഇന്ത്യയുടെയും അനുഭവത്തെ ആയിരം കൊണ്ടു ഗുണിക്കാവുന്ന കാലാവസ്ഥാ പ്രശ്നങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. യൂറോപിലും കാനഡ, അമേരിക്കയുടെ വടക്കന്‍പ്രദേശങ്ങള്‍തുടങ്ങി തെക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലേയും പല പ്രദേശങ്ങളും രാജ്യങ്ങളും മാറിമറിയുന്ന കാലാവസ്ഥക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. പസഫിക്ക് സമുദ്രം ചൂടു പിടിക്കുന്നതോടെ അത് ലേകത്തിന്‍റെ കാലാവസ്ഥയെ അപ്പാടെ താളം തെറ്റിക്കുന്നത് എങ്ങിനെയെന്ന് ലോകം തിരിച്ചറിയുകയുമാണ്. 

ഈ മാസം മുതല്‍ ഡിസംബര്‍വരെ എല്‍ നിനോ കൂടുതല്‍ തീവ്രമാകുമെന്നാണ് വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഒാര്‍ഗനൈസേഷന്‍ തരുന്ന മുന്നറിയിപ്പ്. സങ്കീര്‍ണം ഈ പ്രതിസന്ധി താപനില ഗണ്യമായി ഉയരും എന്നതണ് എല്‍നിനോ ആദ്യം സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റം. 2026–2027 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ട വര്‍ഷമായി മാറാനിടയുണ്ട്. ഒസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് സാധ്യതയുണ്ട്. ലോകത്തിന്‍റെ പലഭാഗത്തും വ്യപകമായ കാട്ടുതീ ഉണ്ടയേക്കാം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ തെക്കന്‍ ഏഷ്യയിലാകെ ജലക്ഷാമവും കൃഷിനാശവും ഉണ്ടാകാനിടയുണ്ട്. കുടിവെള്ള ലഭ്യത, ജലവൈദ്യുതിയുടെ ഉത്പാദനം എന്നിവയും കടുത്ത പ്രതിസന്ധിയിലാകും. മത്സ്യലഭ്യതയെ കാര്യമായി എല്‍ നിനോ ബാധിക്കും. ചൂടും ഈര്‍പ്പവും മാറിമാറി വരുന്ന കാലാവസ്ഥയില്‍ കൊതുകു പരത്തുന്ന രോഗങ്ങള്‍ വ്യാപകമായേക്കാം. ചിലപ്രദേശങ്ങളിലെങ്കിലും കനത്തമഴ, മിന്നല്‍പ്രളയം, കൊടുങ്കാറ്റ് എന്നിവക്ക് സാധ്യതയുണ്ട്. ഇവ സൃഷ്ടിക്കുന്ന നാശവും നഷ്ടവും വേറെ. കൃഷി തളരും, വില ഉയരും. 

കൃഷിയെയാണ് എല്‍നിനോ ഏറ്റവും പ്രതികൂലമായി ബാധിക്കുക. കാലാവസ്ഥ തകിടം മറിയുന്നതോടെ എല്ലാ തരം വിളകളെയും എല്‍നിനോ പ്രതിസന്ധിയിലാക്കും. ഉത്പാദനം കുറയുന്നതോടെ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയും വില കൂടുകയും ചെയ്യും. സര്‍ക്കാരുകള്‍ക്ക് ദുരന്ത നിവാരണത്തിനും ഭക്ഷണ– ജല വിതരണത്തിനും വലിയ തുക ചെലവാക്കേണ്ടിവരും. ഇതോടെ വികസനപദ്ധതികള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം കുറയും. വൈദ്യുതിയുടെ ഉത്പാദനവും വിതരണവും കടുത്ത പ്രതിസന്ധിയിലാകും. പണപ്പെരുപ്പം കൂടാനും ജിഡിപി വളര്‍ച്ച ഇടിയാനും വഴിവെക്കും വിധം സാമ്പത്തികരംഗമാകെ മാറിമറിയാനും ഇടയുണ്ട്. ശതകോടികളുടെ നഷ്ടമാണ് ലോക സാമ്പത്തിക രംഗത്തെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. 

ആരെയൊക്കെ ബാധിക്കും? 

അമേരിക്കയെയും കാനഡയയും പോലുള്ള വികസിത രാജ്യങ്ങള്‍ മുതല്‍ തായ്‌ലന്‍ഡ്, വിയറ്റ്നാം, ശ്രീലങ്ക, ബംഗ്ളാദേശ്, ഇന്ത്യ, പെറു , സാംബിയ, എത്യോപ്യ, കെനിയ ഇങ്ങനെ ഒട്ടേറെ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ യുദ്ധം, ആഭ്യന്തരകലാപം, കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, ആവര്‍ത്തിക്കുന്ന കാലാവസ്ഥാ പ്രശ്നങ്ങള്‍ എന്നിവ നേരിടുന്ന രാജ്യങ്ങള്‍ കൂടുതല്‍ വലിയ പ്രശ്നത്തിലേക്ക് നീങ്ങിയേക്കാം. 

കുറക്കാനാവുമോ ആഘാതം? 

മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഏറ്റവും ആദ്യം എല്‍നിനോയുടെ കരുത്ത് അനുഭവിക്കുക, മത്സ്യമേഖല, ജലവിതരണം, ജലവൈദ്യുതി ഉത്പാദനം എന്നിവയും പ്രതിസന്ധിയിലാകും. ഇതു നേരിടാന്‍ കൃത്യമായ ആസൂത്രണം, മുന്‍ഗണനകള്‍ കണ്ടെത്തിയുള്ള പ്രവര്‍ത്തനം എന്നിവ വേണമെന്ന് യുണൈറ്റഡ് നേഷന്‍സ് ലോകരാജ്യങ്ങളെ അറിയിച്ചു കഴിഞ്ഞു . ലോകബാങ്ക് ഉവ്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയും എല്ലാം എല്‍ നിനോയെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ്. 

50 വര്‍ഷത്തിലെ ഏറ്റവും ശക്തമായ എല്‍ നിനോ 2027ന്‍റെ ആദ്യ മാസങ്ങള്‍ വരെ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ എല്‍നിനോയുടെ രൂക്ഷത അല്‍പ്പം കുറയാനും ഇടയുണ്ട്. പ്രാദേശികമായ കാലവസ്ഥാ ഘടകങ്ങള്‍ ചേരുമ്പോള്‍ കേരളവും ഇന്ത്യയും എല്‍ നിനോയുടെ ഏറ്റവും കടുത്ത ആഘാതം നേരിടില്ലെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!