മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച ഒൻപത് കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്

Share our post

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ബിഹാറില്‍ നിന്ന് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു ജോലി ചെയ്യാനായി കുട്ടികളെ കൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ പാറ്റ്‌ന എറണാകുളം സൂപ്പര്‍ഫാസ്റ്റില്‍ കൊച്ചിയിലെത്തിയത്. 11 പേരടങ്ങിയ സംഘത്തില്‍ 9 കുട്ടികളെ കണ്ടതിന് പിന്നാലെയാണ് ആര്‍പിഎഫ്‌ന് സംശയം തോന്നുന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒൻപതിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്നതാണെന്ന് കണ്ടെത്തുന്നത്.

കുട്ടികള്‍ക്കൊപ്പമെത്തിയ സുനില്‍ മണ്ഡല്‍, ഡബ്ലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അരുണ്‍ തോമസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് കുട്ടികളെ എത്തിച്ചതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!