വാപ്പച്ചി നോക്കുമെന്ന് പറയുന്ന അവന്‌റെ ധിക്കാരം എല്ലാവരും കണ്ടതാണ്;വീടിന്‌റെ വിളക്കാണ് പോയത്:ദേവികയുടെ കുടുംബം

Share our post

വയനാട്: വീടിന്‌റെ വിളക്കാണ് നഷ്ടമായതെന്ന് നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. പഠനത്തിലും കലാപരമായ കാര്യങ്ങളിലുമെല്ലാം ദേവിക മിടുക്കിയായിരുന്നുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി സുഹൈലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്, പക്ഷേ കൊലക്കുറ്റത്തിനായിരുന്നു കേസെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്‌റെ ധിക്കാരം എല്ലാവരും കണ്ടതാണ്. കരുതിക്കൂട്ടി ചെയ്തതാണോ എന്ന സംശയവുമുണ്ട്. സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും ദേവികയുടെ ബന്ധു കൂട്ടിച്ചേര്‍ത്തു.

‘മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതിയ്ക്കെതിരെ കേസെടുത്തത്, പക്ഷേ കൊലക്കുറ്റത്തിനായിരുന്നു കേസെടുക്കേണ്ടിയിരുന്നത്. അത്രയും മോശം രീതിയിലാണ് വണ്ടി ഓടിച്ചത്. വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്‌റെ ധിക്കാരം എല്ലാവരും കണ്ടതാണ്. ഇതുപോലെ മറ്റാര്‍ക്കും ഉണ്ടാവരുത്. കരുതിക്കൂട്ടി ചെയ്തതാണോ എന്ന സംശയവുമുണ്ട്. വീടിന്‌റെ വിളക്കാണ് പോയത്. ദേവിക പഠിത്തത്തിലും എല്ലാം മിടുക്കിയായിരുന്നു. വലിയ പ്രതീക്ഷയുള്ള കുട്ടിയായിരുന്നു. 21വയസില്‍ ജീവന്‍ പോയത് വേദനാ ജനകമായ കാര്യമാണ്. കേസില്‍ പ്രതി പുറത്തിറങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ സര്‍ക്കാരും പൊലീസും നമ്മളെ സഹായിക്കുമെന്നാണ് കരുതുന്നത്.

വാഹനമാവുമ്പോള്‍ അപകടം പറ്റും സ്വാഭാവികമാണ്. പക്ഷേ സുഹൈലിന്‌റെ പെരുമാറ്റത്തില്‍ മനപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിച്ചതുപോലെയാണ് തോന്നുന്നത്. നമ്മള്‍ വയനാടുപോലത്തെ ചെറിയൊരു ജില്ലയിലാണ് കഴിയുന്നത്. ഞങ്ങള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നും സഹായമുണ്ടായാലേ കേസുമായി പോകാനാകൂ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്’, ദേവികയുടെ ബന്ധു പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിന് മൂന്ന് ബാറുകൾക്ക് എതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയും കേസെടുത്തു. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും എക്‌സൈസ് പ്രതികരിച്ചു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലാണ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!