വന്ദേഭാരത് കോച്ചിൽ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം; 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

Share our post

ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ A-2 കോച്ചിലേക്ക് തേനീച്ചക്കൂട്ടം ഇരച്ചുകയറി 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. ചില യാത്രക്കാര്‍ കോച്ചിലെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തേനീച്ചയുടെ കുത്തേറ്റു.

ഖജുരാഹോ റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കിടെ പ്ലാറ്റ്ഫോമിലെ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്നാണ് സംഭവം. 22469 നമ്പർ ട്രെയിൻ ഖജുരാഹോയിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ട്രെയിനിൽ കയറാൻ കാത്തുനിന്ന യാത്രക്കാരെ പ്രകോപിതരായ തേനീച്ചകൾ ആക്രമിച്ചു. തുടർന്ന് ആളുകൾ രക്ഷപ്പെടാൻ അകത്തേക്ക് ഓടിയപ്പോൾ കോച്ചിനുള്ളിലും കയറി.

ആളുകൾ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോച്ചിനുള്ളിൽ സ്ഥിതിഗതികൾ കുഴപ്പത്തിലായതായി യാത്രക്കാരായ ബ്രിജേഷ് ശർമയും ലോകേഷ് ശർമയും പറഞ്ഞു. പലരും ബെഡ്ഷീറ്റുകളും മറ്റ് വസ്തുക്കളും കൊണ്ട് മുഖം മറച്ചിരുന്നു. കുത്തേറ്റതിനെ തുടർന്ന് ചിലരുടെ കണ്ണുകൾ, കവിൾ, കഴുത്ത്, മുഖം എന്നിവിടങ്ങളിൽ വീക്കം അനുഭവപ്പെട്ടു. ഒരു വൃദ്ധയുടെ നില വഷളായതായും റിപ്പോര്‍ട്ടുണ്ട്. തേനീച്ചകൾ കൂട്ടമായി എത്തിയപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാര്‍ ട്രെയിൻ ജീവനക്കാരുടെ സഹായം തേടിയെങ്കിലും കാര്യമായ സഹായം നൽകാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശിലെ ലളിത്പൂർ സ്റ്റേഷനിൽ വൈദ്യസഹായങ്ങൾ ഒരുക്കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ പരിക്കേറ്റ എല്ലാവര്‍ക്കും ചികിത്സ ലഭിക്കാൻ ആവശ്യമായ സമയം ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്തിയിരുന്നില്ല.

ഞായറാഴ്ച രാത്രി വൈകി ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഡോക്ടർമാർ പരിക്കേറ്റവരെ പരിശോധിച്ച് ചികിത്സ നൽകി. ഗ്വാളിയോറിലേക്ക് പോകുന്ന യാത്രക്കാർക്കും ക്രമീകരണങ്ങൾ ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് നോര്‍ത്ത് സെൻട്രൽ റെയിൽവെ ഝാൻസി ഡിവിഷൻ വക്താവ് മനോജ് കുമാര്‍ സിംഗ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!