അവശ്യസാധനങ്ങൾക്ക് വില കൂടുന്നു; അടുക്കളകളിൽ തീപടർത്തി ഭക്ഷ്യവിലസൂചിക; പിടിവിട്ട് മുട്ട വിലയും

Share our post

കാസർകോട്: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ച് ജൂണിൽ വിലക്കയറ്റത്തോത് ഉയർന്നു. ദേശീയതലത്തിൽ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 4.38 ശതമാനമാണ്. 2024 ഡിസംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപിത സഹന പരിധിയായ നാല് ശതമാനവും മറികടന്നാണീ കുതിപ്പ്.

സംസ്ഥാനത്ത് പൊതുവായ വിലക്കയറ്റത്തോത് 4.34 ശതമാനമാണെങ്കിലും, ഗ്രാമീണ മേഖല കടുത്ത സമ്മർദത്തിലാണ്. ഗ്രാമങ്ങളിൽ വിലക്കയറ്റം 5.07 ശതമാനത്തിലെത്തിയപ്പോൾ നഗരങ്ങളിൽ ഇത് 3.74 ശതമാനം മാത്രമാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ജനതയാണ് നിത്യജീവിതച്ചെലവുകൾ നേരിടാനാവാതെ കൂടുതൽ പ്രയാസപ്പെടുന്നത്.

അടുക്കളകളിൽ തീ പടർത്തി ഭക്ഷ്യവിലസൂചിക

ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വർധനയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങാത്ത വിധം ഉയർന്നു കഴിഞ്ഞു. പാചകവാതക സിലിൻഡറിന് ഇപ്പോഴത്തെ വില 950 രൂപയാണ്. വീട്ടിലെത്തുമ്പോൾ ആയിരം രൂപ കടക്കും.

പച്ചക്കറികൾ:തക്കാളി, ബീൻസ്, സവാള, ഉരുളക്കിഴങ്ങ്, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയുടെയൊക്കെ വിലയിൽ വർധനയുണ്ട്.

പലവ്യഞ്ജനങ്ങൾ:നിത്യേന ആവശ്യമുള്ള അരി, വിവിധയിനം പരിപ്പുകൾ, ഭക്ഷ്യഎണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കും വിലകൂടി.

മീനും ഇറച്ചിയും: സാധാരണക്കാരുടെ ആശ്രയമായ മീൻ, ഇറച്ചി എന്നിവയുടെ വിലയും കുതിച്ചുയർന്നു. ഇറച്ചികളിൽ കോഴി, ബീഫ്, പന്നി എന്നിവയ്ക്കെല്ലാം വിലകൂടി.

പിടിവിട്ട് മുട്ട വിലയും

അഞ്ചുരൂപയുണ്ടായിരുന്ന മുട്ടയുടെ ചില്ലറ വില്പനവില കുറച്ചുനാളായി ഏഴു രൂപയെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നെങ്കിൽ ഇപ്പോൾ അത് 8.50 രൂപ വരെയായി. മൊത്തവില തന്നെ എട്ടുരൂപയാണ്. കോഴിത്തീറ്റ വില കൂടിയതാണ് മുട്ടവില കൂടാനുള്ള പ്രധാന കാരണം. കോഴിത്തീറ്റ നിർമ്മാണത്തിനാവശ്യമായ സോയാബീൻ, ചോളം, തവിട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയും ഒപ്പം ഇന്ധനവിലയും വർധിച്ചതാണ് തീറ്റവില കൂടാൻ കാരണം. ഒരു മാസത്തിനിടെ മാത്രം ഒരു ചാക്ക് തീറ്റയ്ക്ക് 450 മുതൽ 500 രൂപ വരെയാണ് കൂടിയത്. ഇതോടെ ഉത്പാദനച്ചെലവ് താങ്ങാനാകാതെ പല ചെറുകിട കർഷകരും ഫാമുകൾ പൂട്ടാൻ നിർബന്ധിതരായി.

സംസ്ഥാനത്തേക്ക് പ്രധാനമായും മുട്ടയെത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ്. ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കടുത്ത ചൂട് കാരണം ഫാമുകളിൽ വ്യാപകമായി കോഴികൾ ചത്തുപോകുകയും അവയുടെ മുട്ട ഉത്പാദന ശേഷി കുറയുകയും ചെയ്തു. ഇത് വിപണിയിൽ മുട്ടയുടെ ലഭ്യത വലിയ തോതിൽ കുറച്ചു. തമിഴ്‌നാട് സർക്കാരിന്റെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നാമക്കലിൽ നിന്ന് വൻതോതിൽ മുട്ടകൾ സംഭരിക്കുന്നുണ്ട്. ഇതുകാരണം മുട്ടയുടെ വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. കേരളത്തിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പൊതുവിപണിയിൽ മീൻലഭ്യത കുറവാണ്. മീനിന് വില കൂടിയതോടെ ആളുകൾ മുട്ടയെയും കോഴിയിറച്ചിയെയും കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതും വില ഉയർത്തി.

ഗ്രാമീണ മേഖലയിലെ പ്രത്യാഘാതങ്ങൾ

നഗരങ്ങളെ അപേക്ഷിച്ച് നിശ്ചിതവും പരിമിതവുമായ വരുമാനമുള്ളവരാണ് ഗ്രാമങ്ങളിലുള്ളവർ. ഈ വിലക്കയറ്റം അവരുടെ ജീവിതത്തെ ഒട്ടൊന്നുമല്ല ബാധിക്കുന്നത്. വരുമാനം വർദ്ധിക്കാതെ സാധനങ്ങളുടെ വില കൂടുമ്പോൾ, ഗ്രാമീണരുടെ വാങ്ങൽ ശേഷി ഗണ്യമായി കുറയുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് അടിസ്ഥാന ഭക്ഷണത്തിനായി മാറ്റിവെക്കേണ്ടി വരുന്നതോടെ, പലരും പോഷകാഹാരങ്ങൾ (മീൻ, മുട്ട, പാൽ) വാങ്ങുന്നത് ചുരുക്കുന്നു.

ഭക്ഷണത്തിന് കൂടുതൽ പണം ചെലവാകുന്നതിനാൽ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയ മറ്റ് അവശ്യകാര്യങ്ങൾക്കുള്ള ബജറ്റ് വെട്ടിക്കുറയ്ക്കാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നു. ജനങ്ങളുടെ കൈയിൽ പണമില്ലാതാകുന്നത് പ്രാദേശിക ചെറുകിട കച്ചവടക്കാരെയും കൃഷിക്കാരെയും പ്രതിസന്ധിയിലാക്കുകയും ഗ്രാമീണ വിപണിയിലെ പണമിടപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് വിലക്കയറ്റം?

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയിലുണ്ടായ വർധന വിലക്കയറ്റത്തോത് കൂടാൻ കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ ഇവിടേക്ക് എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് ഉയർന്ന നിലയിൽ തുടരുന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. കടുത്ത വേനലും അസമയത്തുണ്ടായ കനത്ത മഴയും കാരണം രാജ്യത്തെ പ്രധാന കാർഷിക സംസ്ഥാനങ്ങളിൽ ഉത്പാദനം ഇടിഞ്ഞു. ഇത് വിതരണ ശൃംഖലയെ ബാധിച്ചു. വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോൾ അതിനനുസരിച്ച് സാധനങ്ങൾ ലഭ്യമാക്കാൻ വിതരണക്കാർക്ക് കഴിയാതെ പോയതും വിലക്കയറ്റത്തിന് കാരണമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!