വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; നടപടി കോടതി ഉത്തരവ് പ്രകാരം

Share our post

തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ ജയിൽ ലൈബ്രറി ഹാലിൽ നടന്ന ചടങ്ങുകൾ അഞ്ച് മിനിറ്റ് നീണ്ടു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ സുഗതനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച രാവിലെ 11-ന് ജയിൽ സൂപ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷും കോർപ്പറേഷൻ സെക്രട്ടറിയും പങ്കെടുത്തു. ഇഷ്ടദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സുഗതനടക്കമുള്ള 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സുഗതൻ അടക്കമുള്ള 20 കൗൺസിലർമാർ സത്യപ്രതിജ്ഞചെയ്തത് നിയമപരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അസാധുവാക്കിയിരുന്നു. 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞചെയ്തെങ്കിലും സുഗതന് അതിനു കഴിഞ്ഞില്ല. നിശ്ചിത സമയത്തിനുള്ളിൽ പുനഃസത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുമെന്ന ഘട്ടത്തിലാണ് ബിജെപി കോടതിയെ സമീപിച്ചത്. 

കാപ്പ നിയമപ്രകാരം കരുതൽത്തടങ്കലിൽ കഴിയുന്ന പ്രതിയെ പുറത്തുവിടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ‍ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും അറിയിച്ചു. മേയർ വി.വി. രാജേഷിനും അനിവാര്യരായ ഉദ്യോഗസ്ഥർക്കും ജയിലിനുള്ളിൽ പ്രവേശിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!