‘വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്’; ഹൈക്കോടതിയെ സമീപിച്ച് കെ എം ബഷീറിന്റെ ഭാര്യ

Share our post

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്.

കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പര്യപ്രകാരമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. നേരത്തെ കേസ് പരിഗണിച്ച സൈഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെയും മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിലുള്ള പ്രോസിക്യൂട്ടര്‍ക്ക് പരിചയ സമ്പത്ത് ഇല്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കമെന്ന പരാതിയുമായി കുടുംബം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മുന്നറിയിപ്പ് ഒന്നുമില്ലാതെ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് ഒഴിവായതാണ് കുടുംബത്തിന്റെ ആശങ്കയുടെ കാരണം. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!