സംസ്ഥാന അതിർത്തികളിൽ ‘കോമ്പിംഗ് ഓപറേഷൻ’ 138 വാറന്റ് പ്രതികൾ പിടിയിൽ

Share our post

കണ്ണൂർ/കാസർകോട്: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമ പരിപാലനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി കണ്ണൂർ റേഞ്ച് പൊലീസ് കോമ്പിംഗ് ഓപ്പറേഷൻ നടത്തി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി, റൂറൽ, വയനാട്, കണ്ണൂർ സിറ്റി, റൂറൽ, കാസർകോട് എന്നീ 6 പൊലീസ് ജില്ലകളിലും പരിശോധന നടന്നു. ഓപറേഷന്റെ ഭാഗമായി 138 വാറന്റ് പ്രതികൾ ഉൾപ്പെടെ 159 പേർ അറസ്റ്റിലായി.

കാപ്പ ലിസ്റ്റിലെ കുറ്റവാളികൾ, ഒളിവിലുള്ള പ്രതികൾ, വാറണ്ട് പ്രതികൾ, മുൻകാല കുറ്റവാളികൾ, സാമൂഹ്യവിരുദ്ധർ എന്നിവരെ കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു ഓപ്പറേഷൻ സംഘടിപ്പിച്ചത്. സംസ്ഥാന അതിർത്തികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ, മയക്ക്മരുന്ന് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഓപ്പറേഷന്റെ ഭാഗമായി നടന്ന വാഹനപരിശോധനയുടെ ഭാഗമായി 81 അതിർത്തി പരിശോധന പോയിന്റുകളിലായി 937 അന്തർസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ 9,328 വാഹനങ്ങൾ പരിശോധിച്ചു. ഹോട്ടൽ, ലോഡ്ജ്, ഹോംസ്റ്റേ എന്നിവിടങ്ങളിലായി 452സ്ഥലങ്ങളിൽ പരിശോധന നടത്തി. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് 164 സ്ഥലങ്ങളിലായിരുന്നു പരിശോധന.

സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ 49 മൊബൈൽ പട്രോളിംഗ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു. ലഹരിമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി വിവിധ സ്റ്റേഷൻ പരിധികളിലെ 52 ഹോട്ടലുകളിലും ഹോംസ്റ്റേകളിലും പരിശോധന നടത്തി. പൊതുജനങ്ങൾ തടിച്ചുകൂടുന്ന 32 റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡ് പരിസരങ്ങളും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.

606 ക്രിമിനൽ കേസുകൾ

ഓപറേഷന്റെ ഭാഗമായി 99 നിരോധിത മയക്ക്മരുന്ന് കേസുകൾ, മദ്യപിച്ച് വാഹനമോടിച്ചതിന് 229, മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളിലായി 28 കേസുകൾ ഉൾപടെ ആകെ 606 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. 38 കാപ്പ പ്രതികൾ, 216 മുൻകാല കുറ്റവാളികൾ, 733 സംശയാസ്പദമായ ആളുകൾ എന്നിവരെയും പരിശോധനയുടെ ഭാഗമായി ചോദ്യം ചെയ്തു.
സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകൾ ഒന്നും കണ്ടെത്തിയില്ല.

12 ലഹരിമരുന്ന് കേസുകൾ

ഓപ്പറേഷനിലൂടെ 12 മാരക ലഹരിമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ചന്തേര സ്റ്റേഷൻ പരിധിയിൽ മാത്രം 5 കേസുകൾ പിടികൂടി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത 80 പേർക്കെതിരെയും, മറ്റ് പ്രാദേശിക നിയമലംഘനങ്ങൾക്ക് 46 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ 32.2 കിലോ കഞ്ചാവ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അജാനൂർ തെക്കേപ്പുറം സ്വദേശി ലാവാ സമീർ എന്ന ടി.എം. സമീറി (39) നെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി. ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകൾ തുടരും. സംശയാസ്പദമായ കാര്യങ്ങൾ പൊലീസിനെ അറിയിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!