ലഹരിക്കെതിരേ ഒറ്റച്ചക്ര സൈക്കിളിൽ നേപ്പാളിലേക്ക്
കണ്ണൂർ: സിവിൽ എൻജിനീയറായ പി.പി സനീദ് ഒറ്റച്ചക്ര സൈക്കിളിൽ യാത്രയിലാണ്. സ്വദേശമായ ശ്രീകണ്ഠപുരത്തുനിന്ന് നേപ്പാളിലേക്ക്. ജേഴ്സിയിൽ ‘SAY NO TO DRUGS” എന്ന് എഴുതിയിട്ടുണ്ട്. ലഹരിവിപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുകയാണ് 25കാരന്റെ ലക്ഷ്യം. എവറസ്റ്റ് ബേസിലാണ് യാത്ര അവസാനിക്കുക.
മേയ് 15ന് തുടങ്ങിയ യാത്ര തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ദിണ്ഡിഗലിൽ എത്തി നിൽക്കുകയാണ്. 3500 കിലോമീറ്റർ താണ്ടി നേപ്പാളിന്റെ അതിർത്തിയിലെത്താൻ ഒരു വർഷമെങ്കിലും കഴിയുമെന്ന് സനീദ് പറയുന്നു.
സനീദിന് ഒറ്റച്ചക്ര സൈക്കിൾ യാത്ര പുത്തരിയല്ല. 2023ൽ ലോക റെക്കോർഡ് ലക്ഷ്യമാക്കി കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ ഉംലിംഗ് ലാ പാസ് വരെ ഒറ്റച്ചക്ര സൈക്കിൾ കയറ്റി റെക്കോർഡ് നേടി. ചൈന ബോർഡറും പാകിസ്ഥാൻ ബോർഡറും താണ്ടി പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു 265 ദിവസത്തെ യാത്ര.
ഒറ്റച്ചക്ര സൈക്കിൾ യാത്ര സാഹസികമാണെങ്കിലും കുട്ടിക്കാലം മുതലുള്ള പരിശീലനമാണ് ഊർജം. 12 വർഷമായി സൈക്കിൾ പരിശീലനവും 10 വർഷമായി ബൈക്ക് സ്റ്റണ്ടും ചെയ്യുന്നു. തല്ലുമാല, തട്ടത്തിൻ മറയത്ത്, പടവെട്ട്, ഖൽബ് സിനിമകളിൽ സൈക്കിൾ സ്റ്റണ്ട് ചെയ്തു.
ശ്രീകണ്ഠപുരം പരിപ്പായിലെ സി.കെ. മുഹമ്മദിന്റെയും പി.പി. സുബൈദയുടെയും ആറ് മക്കളിൽ നാലാമനാണ്. സഹോദരങ്ങളായ സവാദ്, സഹദ്, സജാദ് എന്നിവർ വർഷങ്ങളായി ബൈക്ക് സ്റ്റണ്ട് ചെയ്യുന്നു. സനീദും സജാദും ഇന്ത്യൻ ആർമിയുടെ പരേഡിന്റെ ഭാഗമായി നടത്തുന്ന സ്റ്റണ്ടുകൾക്ക് പരിശീലനം നൽകാറുണ്ട്.
ദിവസം 50-100 കിലോമീറ്റർ യാത്ര
ഒരുദിവസം പരമാവധി 50 മുതൽ 100 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടും. രാവിലെ 7ന് തുടങ്ങുന്ന യാത്ര വൈകീട്ട് ഏഴിന് അവസാനിപ്പിക്കും. താമസം ടെന്റ് കെട്ടി പെട്രോൾ പമ്പിനടുത്തോ അമ്പലത്തിനടുത്തോ. ഭക്ഷണം സ്വന്തമായി പാചകം ചെയ്യും. യാത്രയിൽ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും വെള്ളവും കരുതും.
