മുക്കടയിൽ 410 കോടിയുടെ വൻകിട ശുദ്ധജലപദ്ധതി; പ്രാരംഭ പ്രവർത്തനത്തിന് തുടക്കം
ചീമേനി :കാസർകോട്– കണ്ണൂർ ജില്ലകളിലെ 7 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള 410 കോടി രൂപയുടെ വൻകിട ശുദ്ധജലപദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമായി. കാസർകോട് ജില്ലയിലെ പിലിക്കോട്, ചെറുവത്തൂർ, കയ്യൂർ–ചീമേനി, തൃക്കരിപ്പൂർ, വലിയ പറമ്പ്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ–പെരളം, കാങ്കോൽ ആലപടമ്പ് എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായിട്ടുള്ള ജല ശുദ്ധീകരണത്തിന് വേണ്ടി 35 ദശ ലക്ഷം ലീറ്റർ ശേഷിയുള്ള വലിയ പ്ലാന്റാണ് കയ്യൂർ–ചീമേനി പഞ്ചായത്തിലെ പള്ളിപാറയിൽ മുക്കട പാലത്തിന് സമീപം നിർമാണം തുടങ്ങി. ഇതിന് പുറമേ 10 ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്ക് നിടുംബയിലും 50 ലീറ്റർ ശേഷിയുള്ള ടാങ്ക് പുത്തിലോട്ട് കുന്നിൻ മുകളിലും നിർമിക്കും. കരിവെള്ളൂർ–പെരളം, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തുകളിലും ടാങ്ക് നിർമിക്കും. ഇതിനും 10 ലക്ഷം ലീറ്റർ ജല സംഭരണി ഉണ്ടാകും.
ഇപ്പോൾ എല്ലാ പഞ്ചായത്തുകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. തേജസ്വിനി പുഴയ്ക്ക് കുറുകെ പാലായി ഷട്ടർ കം ബ്രിജ് വന്നതോടെയാണ് കുടിവെള്ള പദ്ധതി വേഗത്തിലായത്. നിർമാണ ജോലികൾക്കായി മൂന്ന് ടെൻഡറുകൾ നൽകിയ സാഹചര്യത്തിൽ ഒരേ സമയത്ത് തന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിയും. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തേജസ്വിനി പുഴയിലെ വെള്ളം ശുദ്ധീകരിച്ച് മുക്കടയിൽ കിണർ നിർമിച്ച് അതിൽ നിന്ന് പള്ളിപാറയിലെ ജല സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കും.
അവിടെനിന്ന് നിടുംബ, പുത്തിലോട്ട് എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാണ് മറ്റിടങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുക. മഴ കാലത്തിന് ശേഷമാണ് മുക്കടയിൽ കിണർ നിർമിക്കുന്നത്. പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് ടാങ്കുകളിലേക്ക് എത്തിക്കുന്നത്. ഇതിനായി 700 എ.എം വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുക. കയ്യൂർ–ചീമേനി പഞ്ചായത്തിൽ നിലവിൽ കാക്കടവിലെ ചെറുകിട അണക്കെട്ട് കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതി ഉണ്ട്. ചെറുവത്തൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം എന്ന നിലയിൽ കയ്യൂർ–ചീമേനിയിലെ പദ്ധതി വഴി ആഴ്ചയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം ചെയ്യുന്നുണ്ട്. വരാൻ പോകുന്ന വൻകിട കുടിവെള്ള പദ്ധതിയിൽ നിന്ന് ആവശ്യം എങ്കിൽ കയ്യൂർ–ചീമേനി പഞ്ചായത്തിനും വെള്ളം നൽകും.
