നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ സോൺ ഒന്നിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നിന്ന് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ അസ്ഹറുദ്ദീൻ ഇവിടെ സർവേയറായി ജോലി ചെയ്തുവരികയായിരുന്നു.
ദുരന്തഭൂമിയിലെ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കി. പുഴയിൽ വീണുകിടന്ന ബസ്സും മറ്റ് വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത് പരിശോധന എളുപ്പമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകൾ, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, വോളന്റിയർമാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പരിശോധനയ്ക്കായി കഡാവർ ഡോഗ്സിനെയും ഉപയോഗിക്കുന്നുണ്ട്. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്ന് അധികൃതർ വ്യക്തമാക്കി.
