പരാതി പറയാൻ പാലക്കാട്ടെത്തണം; കണ്ണൂരിലെ രണ്ട് റോഡുകളിൽ ടാറിങ് നടക്കുന്നില്ല, തടസ്സമായി റെയിൽവേ

Share our post

ചാല : റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ ചാലയിലെ രണ്ട് റോഡുകൾ വർഷങ്ങളായി നവീകരിക്കാനാകുന്നില്ല. ചാല ബൈപാസിൽനിന്ന് തോട്ടട ചിറക്കുതാഴെ ഭാഗത്തേക്കുള്ള റോഡും ബൈപാസിൽ നിന്ന് ചാല 12 കണ്ടിവഴി തോട്ടട ടൗണിലേക്ക് പോകുന്ന റോഡും ഇതുവരെ ടാർ ചെയ്തിട്ടേയില്ല. റെയിൽ പാളത്തിന് ഇരുവശങ്ങളിലൂടെയും കടന്നുപോകുന്ന, 1950കളിൽ നിർമിച്ചതെന്ന് പറയപ്പെടുന്ന ഈ റോഡുകൾ ഇന്നും ചെമ്മൺ റോ‍ഡാണ്. റെയിൽവേയുടെ സ്ഥലത്തുകൂടെ കടന്നുപോകുന്ന റോഡായതിനാൽ ടാറിങ്ങിന് റെയിൽവേയുടെ അനുമതി വേണം.

അനുമതിക്ക് റെയിൽവേ പാലക്കാട് ഡിവിഷനെ സമീപിക്കണമെന്നാണ് അധികൃതരുടെ മറുപടി. പാലക്കാട് ഡിവിഷനെ സമീപിച്ച് റോ‍ഡുകൾ ടാർ ചെയ്യാനുള്ള അനുമതി നേടിയെടുക്കാമെന്ന വാഗ്ദാനം വിവിധ മേഖലകളിൽ നിന്ന് പ്രദേശവാസികൾക്ക് ഏറെ ലഭിച്ചെങ്കിലും അതൊന്നും നടപ്പായില്ല. വർഷങ്ങളായി മഴക്കാലത്ത് ചെളിക്കുളമായി കാൽനട യാത്രപോലും അസാധ്യമാകുന്ന, വേനലിൽ പൊടിപടലങ്ങൾ ഉയരുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ വരെയുണ്ടാകുന്ന റോഡ് നവീകരിക്കാൻ റെയിൽവേയാണ് തടസ്സം.

ജനം തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡുകളിൽ മഴ ശക്തിപ്പെട്ടതോടെ വൻ കുഴികൾ രൂപപ്പെട്ട് ചെളിക്കുളമായി. ഇതിൽ തോട്ടട ടൗണിലേക്ക് പോകുന്ന റോഡ് ചെളിക്കുളമായതിന് പുറമേ റെയിൽവേ സ്ഥലത്ത് നിന്നുള്ള കാടുകയറി ഇരുചക്ര വാഹനത്തിനു പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത്തവണ എല്ലാ മഴക്കാലത്തെയും പോലെ ടാക്സികൾ, സ്കൂൾ വാഹനങ്ങൾ തുടങ്ങിയവ ഈ റോഡിലൂടെ വരാൻ മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

പരാതി പറയാൻ പാലക്കാട്ടെത്തണം
റെയിൽവേയുമായി ബന്ധപ്പെട്ട നിസ്സാര കാര്യങ്ങൾക്കു പോലും പാലക്കാട് ഡിവിഷനെ സമീപിക്കേണ്ട അവസ്ഥയാണ്. ഇതു മാറണമെന്ന ആവശ്യം കാലങ്ങളായുണ്ട്. പരാതി സ്വീകരിക്കുന്ന ഒരു ഓഫിസ് ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ വേണമെന്ന കെ.സുധാകരൻ എംപിയുടെ ആവശ്യം ചാലയിലെ 2 പ്രാദേശിക റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരും റോഡുകൾക്ക് സമീപം താമസിക്കുന്നവരും ഏറെ പ്രതീക്ഷയോടെയാണ് കേട്ടത്. ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിൽ നടന്ന ഡിസ്ട്രിക്ട് ലവൽ കോഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ എംപി ആവശ്യപ്പെട്ടതുപോലെ കണ്ണൂരിൽ റെയിൽവേ ഓഫിസ് തുറന്നാൽ ജില്ലാ ആസ്ഥാനത്ത് എത്തി അധികൃതരെ കാണാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!