അമ്മയുമായി വഴക്കിട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവൻ രക്ഷിച്ച് പൊലീസ്
കൊല്ലം∙ അമ്മയുമായി വഴക്കിട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവൻ രക്ഷിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ മനോജും ഹോം ഗാർഡ് ജ്യോതിയും ആണ് മാതൃകയായത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലിയാണ് ആയുർ സ്വദേശിനിയായ 17 കാരിയും മാതാവും തമ്മിൽ കഴിഞ്ഞ ദിവസം പുലർച്ചെ തർക്കമുണ്ടായത്. മാതാവ് പൊലീസിന്റെ സഹായം തേടിയതിനെത്തുടർന്ന് എസ്ഐ മനോജും ഹോം ഗാർഡ് ജ്യോതിയും പെൺകുട്ടിയുടെ വീട്ടിലെത്തി. ആ സമയം പെൺകുട്ടി മുറിയുടെ കതക് അടച്ച് അകത്തിരിക്കുകയായിരുന്നു. എസ്ഐ കുട്ടിയോട് കതക് തുറക്കാൻ ആവശ്യപ്പെടുകയും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
മാതാവുമായി എസ്ഐ സംസാരിച്ച് വിവരങ്ങൾ തിരക്കുന്ന സമയം മുറിക്കുള്ളിൽ നിന്ന് ശബ്ദം കേട്ടു. തട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. തുടർന്ന് ജനല്‍ ചില്ല് പൊട്ടിച്ച് ടോർച്ച് അടിച്ചു നോക്കിയപ്പോൾ പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് പൊലീസ് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും തൂങ്ങി നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഷാൾ മുറിച്ച് താഴെ ഇറക്കുകയും ചെയ്തു. ഏഴു മിനിറ്റോളം സിപിആർ നൽകി. കുട്ടിക്ക് അനക്കം വച്ചപ്പോൾ പൊലീസ് ജീപ്പിൽ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
