സിപിഎം നേതാക്കളെ വിമർശിച്ച് സമൂഹമാധ്യമ പോസ്റ്റ്; രണ്ടുപേർക്കെതിരെ നടപടി
തളിപ്പറമ്പ് ∙ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി.പ്രകാശൻ, ആലക്കോട് ഏരിയയിലെ കൂവേരി ലോക്കൽ കമ്മിറ്റി അംഗം കൂവേരി ചാലപ്പുറത്ത് ഷൈജു എന്നിവരെ സ്ഥാനങ്ങളിൽനിന്നു നീക്കി. തളിപ്പറമ്പ്, ആലക്കോട് ഏരിയ കമ്മിറ്റികളുടെ തീരുമാനം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ അംഗീകരിക്കുകയായിരുന്നു. കീഴാറ്റൂരിലേക്ക് 8 കോടി രൂപ ചെലവിൽ റോഡ് നിർമിക്കുന്ന പദ്ധതിയിൽ തീരുമാനങ്ങൾ എടുക്കാത്തതിനെക്കുറിച്ചാണ് കെ.പി.പ്രകാശൻ പോസ്റ്റിട്ടത്. സ്ഥാനാർഥി നിർണയത്തിനെതിരെയാണ് ഷൈജു പോസ്റ്റിട്ടത്. ടി.കെ.ഗോവിന്ദൻ എംഎൽഎയോടുള്ള ചോദ്യമെന്ന രീതിയിൽ ഏതാനും ദിവസം മുൻപായിരുന്നു പ്രകാശന്റെ പോസ്റ്റ്.
പഴയ ഒരു പുംഗവൻ എംഎൽഎ റോഡിന് 8 കോടി സംസ്ഥാന ബജറ്റിൽ പാസാക്കിയിട്ടുണ്ടെന്നും പിന്നീടുവന്ന പുംഗവൻ എംഎൽഎ ഒരു പുല്ലും പുളുത്തിയിട്ടില്ലെന്നുമായിരുന്നു പ്രകാശന്റെ പോസ്റ്റ്. അവസാനകാലം മഞ്ഞക്കുറ്റി കുഴിച്ചിട്ടുവെന്നും പറഞ്ഞിരുന്നു. വയൽക്കിളി സമരങ്ങളുടെ പശ്ചാത്തലത്തിൽ കീഴാറ്റൂരിലേക്ക് റോഡ് പ്രഖ്യാപിച്ചത് അന്നത്തെ എംഎൽഎ ജയിംസ് മാത്യു ആണ്. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ ആയി വന്നിട്ടും റോഡിന്റെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഫെയ്സ്ബുക്കിൽ പ്രകോപനകരമായ പോസ്റ്റിട്ടതിന് പ്രകാശനെതിരെ മുൻപും നടപടി എടുത്തിരുന്നു. പിന്നീട് തിരിച്ചെടുത്താണ് ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.
പ്രകാശനു പകരം കെ.വി.അക്ഷയിനെ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഷൈജു രണ്ടാംതവണയാണ് ലോക്കൽ കമ്മിറ്റി അംഗമായത്. പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷവും മുൻപും തുടർച്ചയായി പാർട്ടിക്കെതിരെ പോസ്റ്റുകൾ ഇട്ടതാണ് നടപടിക്ക് കാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതെ മാറിനിന്നതും നടപടിക്ക് കാരണമായി. പി.ജയരാജൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഷൈജു പ്രവർത്തനത്തിന് ഇറങ്ങിയില്ലെന്നാണ് ആരോപണം. ഇതിന് വിശദീകരണം ചോദിച്ച ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിലും ഷൈജു തന്റെ നിലപാടിൽ ഉറച്ചുനിന്നു.
