പ്ലസ് വൺ പ്രവേശനം; മലബാറിൽ ഇത്തവണയും പ്രതിസന്ധി രൂക്ഷം; പുറത്താവുന്നത് 72,000ത്തിലധികം വിദ്യാർഥികൾ

Share our post

കോഴിക്കോട്: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി 72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്താണ് സ്ഥിതി കൂടുതൽ ഗുരുതരം. ഇവിടെ മാത്രം കാൽ ലക്ഷത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചേക്കില്ല.

മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്ണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. എന്നാൽ ഇത്തവണ അപേക്ഷിച്ചിരിക്കുന്നത് 2,43,453 വിദ്യാർഥികളാണ്. അതായത്, ആകെയുള്ള അപേക്ഷകരിൽ 72,718 പേർക്ക് പ്ലസ് വൺ പ്രവേശനം സാധ്യമല്ല എന്നർത്ഥം. ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. ഇനി ഈ ജില്ലകളിൽ ആകെ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഫലത്തിൽ 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്.

മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നടപ്പിലാക്കുന്ന താൽക്കാലിക സീറ്റ് വർധനവ് കൊണ്ട് മാത്രം മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. സർക്കാർ, എയ്ഡഡ് മേഖലകളിൽ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുകയാണ് ഇതിനുള്ള പ്രായോഗികമായ പോംവഴി. പ്രതിപക്ഷത്തിരിക്കുമ്പോൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്കെതിരെ ശക്തമായ സമരം ചെയ്തവർ ഭരണത്തിലിരിക്കുമ്പോൾ ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!