കാലവർഷത്തെ നേരിടാൻ കോളയാട് പെരുവയിൽ ജനകീയ ഒരുക്കം
കോളയാട്: കാലവർഷത്തിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ‘ആശ്വാസ് മിഷൻ പെരുവ’യുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു.
പെരുവയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തരമായി നടപ്പിലാക്കേണ്ട ആറിന ആവശ്യങ്ങൾ ആശ്വാസ് മിഷൻ പ്രസിഡന്റ് എം.സിനോയ് യോഗത്തിൽ അവതരിപ്പിച്ചു.
വന്യമൃഗശല്യം തടയാൻ റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുകയും വേണം. വനമേഖലയിലെ വൻമരങ്ങൾ കടപുഴകി വീഴുന്നതു തടയാൻ മനുഷ്യജീവന് ഭീഷണിയായ മരങ്ങളും ശാഖകളും കാലവർഷത്തിനു മുൻപായി വെട്ടിമാറ്റണം. പെരുവ പുഴ ദിശ മാറി ഒഴുകി പുതിയ റോഡിനും പെരുവ യു.പി. സ്കൂളിനും ഉണ്ടാക്കുന്ന ഭീഷണി ഒഴിവാക്കാൻ ശാശ്വത പരിഹാരം കാണണം. വനത്താൽ ചുറ്റപ്പെട്ട പെരുവയിലെ 12 സെറ്റിൽമെന്റുകളിലേക്കുമുള്ള വഴികൾ വ്യക്തമാക്കുന്ന സ്ഥലനാമ ബോർഡുകൾ സ്ഥാപിക്കണം. വന്യമൃഗസാന്നിധ്യമുള്ള വനമേഖലകളിൽ പ്രത്യേക അറിയിപ്പ് ബോർഡുകളോ ഡിം ലൈറ്റുകളോ സ്ഥാപിക്കണം. പ്രദേശവാസികൾക്കായി കാലവർഷത്തിന് മുൻപായി ദുരന്തനിവാരണ ബോധവത്കരണ-പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ആശ്വാസ് മിഷൻ മുന്നോട്ടുവെച്ചത്.
കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത് മുഖ്യ പ്രഭാഷണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം എ. ഷാജു, പെരുവ വാർഡ് മെമ്പർ എം.കെ. സുമ, കൂത്തുപറമ്പ് ട്രൈബൽ ഓഫീസ് കമ്മിറ്റഡ് സോഷ്യൽ വർക്കർ അനശ്വര, പ്രൊമോട്ടർമാരായ എൻ.സുമതി,പി. ദിൽന,പി. സോസിനി,പെരുവ സ്കൂൾ പ്രഥമാധ്യാപകൻ എ.ചന്ദ്രൻ, ആശ്വാസ് മിഷൻ പ്രവർത്തകരായ കെ. അശോകൻ കെ,ബേബി, എ.കെ. ഏലിയാസ്, ഇ.കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ കാലവർഷത്തിൽ പെരുവ തെറ്റുമ്മലിലെ ചന്ദ്രന്റെ വീടിനോട് ചേർന്നുള്ള വനമേഖലയിൽ നിന്നും വൻമരം വീടിനും പശുത്തൊഴുത്തിനും മുകളിലേക്ക് കടപുഴകി കുടുംബനാഥനും ഉപജീവനമാർഗ്ഗമായിരുന്ന രണ്ട് പശുക്കളും മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പെരുവയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ‘ആശ്വാസ് മിഷൻ’ രൂപീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി പ്രദേശത്തെ ഉണങ്ങിയ മരങ്ങളും മുളംകൂട്ടങ്ങളും അപകടഭീഷണിയായ മരച്ചില്ലകളും മുറിച്ചുമാറ്റിയും, വന്യജീവി ശല്യം ഒഴിവാക്കാൻ റോഡിനിരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ചും മിഷൻ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
