‘ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനിമിഷം’; അവയവദാനത്തിനായി വന്ദേഭാരത് എക്സ്പ്രസ് ഹൃദയം വഹിച്ച് കുതിച്ചു
ഗാന്ധിനഗർ: അവയവദാനത്തിന് സഹായവുമായി വന്ദേഭാരത് എക്സ്പ്രസ്. സൂററ്റിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് രോഗിക്കായുള്ള ഹൃദയവുമായി കുതിച്ചത്. വെള്ളിയാഴ്ചയാണ് യു.എൻ മേത്ത കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട്&റിസർച്ച് സെന്ററിലെ രോഗിക്കുവേണ്ടി വന്ദേഭാരതിൽ ഏകദേശം 250 കിലോമീറ്റർ താണ്ടി ഹൃദയമെത്തിച്ചത്.
20901 മുംബൈ സെൻട്രൽ-ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേ ഭാരത് എക്സ്പ്രസിലാണ് ഹൃദയം കൊണ്ടുപോയത്. അവയവം വേഗത്തിൽ എത്തിക്കാനും ശസ്ത്രക്രിയ കൃത്യസമയത്ത് ആരംഭിക്കാനുമായി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് ഒരു പ്രത്യേക പാതയും രൂപീകരിച്ചിരുന്നു.
അവയവ മാറ്റിവെക്കലിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്നും വന്ദേ ഭാരത് എക്സ്പ്രസിലൂടെ അതിവേഗത്തിൽ മണിക്കൂറുകൾക്കുള്ളിൽ സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് ജീവനുള്ള ഹൃദയം കൊണ്ടുപോയതുകൊണ്ടാണ് ജീവൻരക്ഷാ പ്രവർത്തനം സാധ്യമായതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു.
ഇന്ത്യൻ റെയിൽവേയ്ക്ക് ഇതൊരു അഭിമാന നിമിഷമാണെന്ന് അഹമ്മദാബാദ് ഡിവിഷണൽ റെയിൽവേ മാനേജർ വേദ് പ്രകാശ് പറഞ്ഞു. ഇന്ത്യൻ റെയിൽവേ ചരിത്രം സൃഷ്ടിക്കുന്നുവെന്നും വന്ദേ ഭാരത് എക്സ്പ്രസ് സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് ജീവനുള്ള ഹൃദയം വിജയകരമായി കൊണ്ടുപോയെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി
റെയിൽവേ, ഗുജറാത്ത് പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, മെഡിക്കൽ ടീമുകൾ എന്നിവയുടെ ശക്തമായ ഏകോപനത്തിലൂടെയാണ് ഹൃദയമെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസിൻ്റെ വേഗതയും കൃത്യതയും ദൗത്യം വിജയകരമാക്കാൻ സഹായിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിൽ മാത്രമല്ല, ആവശ്യമുള്ളപ്പോൾ അടിയന്തര ജീവൻരക്ഷാ ആരോഗ്യ സേവനങ്ങളിലും ഇന്ത്യൻ റെയിൽവേ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ പ്രവർത്തനം തെളിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.
