കാലവർഷത്തിന് മുൻപേ പറശ്ശിനിക്കടവിൽ കരയിടിച്ചിൽ
പറശ്ശിനിക്കടവ് : കാലവർഷം തുടങ്ങുന്നതിന്ന് മുൻപുതന്നെ പറശ്ശിനിക്കടവിൽ തീരങ്ങൾ പുഴയെടുക്കുന്നത് ഭീഷണിയാകുന്നു. പറശ്ശിനിക്കടവ് പുഴയുടെ മറുഭാഗമായ മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളുടെ പരിധിയിലാണ് രൂക്ഷമായ കരയിടിച്ചിൽ.
പറശ്ശിനിക്കടവ് പാലത്തിന് താഴെയുള്ള ഭാഗത്ത് 600-ലധികം മീറ്റർ ദൂരത്തിൽ ശക്തമായ കരയിടിച്ചിലാണുണ്ടായത്. പുഴയോരത്ത് കൂടി കടന്നുപോകുന്ന ചെമ്മൺ നടപ്പാതയുടെ പകുതിയോളം ഭാഗം ഇതിനകം പുഴയെടുത്തിട്ടുണ്ട്. ഇതോടൊപ്പം തെങ്ങുകളും പുഴയിലേക്ക് കടപുഴകി. ഒട്ടേറെപ്പേർ ആശ്രയിക്കുന്ന നടപ്പാതയാണ് അപകടഭീഷണിയിലായത്.
കുറച്ച് വർഷങ്ങളായി പറശ്ശിനി പുഴയോരത്ത് രൂക്ഷമായ കരയിടിച്ചിലുണ്ടാകുന്നു. തീരങ്ങളിൽ സമൃദ്ധമായ തെങ്ങിൻതോട്ടമുണ്ടായിരുന്നു. അവയിൽനിന്ന് പലതും ഇതിനകം പുഴയെടുത്തുകഴിഞ്ഞു.
