സൗജന്യ വീടുകൾ നല്കാമെന്ന വാഗ്ദാനം നല്കി സ്ത്രീകളിൽ നിന്ന് 26 പവൻ കവർന്നയാൾ പേരാവൂരിൽ പിടിയിൽ

Share our post

പേരാവൂർ: ചാരിറ്റിയുടെ മറവിൽ സൗജന്യമായി വീടുകൾ വെച്ചു നല്കാമെന്ന വാഗ്ദാനം നല്കി സ്ത്രീകളിൽ നിന്ന് 26 പവനും വിവാഹവാഗ്ദാനം നല്കി മറ്റൊരു സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും തട്ടിയെടുത്ത മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് മമ്മാക്കുന്ന് പള്ളിക്ക് സമീപത്തെ വാഴയിൽ ഫലീലിനെയാണ് (52) അറസ്റ്റ് ചെയ്തത്.

വിസ നല്കാമെന്ന് പറഞ്ഞ് സ്ത്രീകളിലൊരാളുടെ ബന്ധുവിൽ നിന്ന് 35000 രൂപയും ഇയാൾ തട്ടിയെടുത്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ 11 കേസുകളിൽ പ്രതിയായ ഫലീലിനെ പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ എസ്.അസീമിന്റെയും സബ് ഇൻസ്‌പെക്ടർ ടി.കെ.മിനിമോളുടെയും പഴുതടച്ച അന്വേഷണത്തിലൂടെയാണ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പേരാവൂർ സ്വദേശിനി ടി.കെ.സക്കീനയുടെ പരാതിയിലാണ് അറസ്റ്റ്.

സ്ത്രീകളുടെ കുടുംബത്തിലേക്ക് വിവാഹാലോചനയിലൂടെയാണ് ഇയാളെത്തിയത്. പിന്നീട്, ചാരിറ്റിയുടെ ഭാഗമായി സൗജന്യ വീടുകൾ നല്കാമെന്ന വാഗ്ദാനം നല്കി സ്ത്രീകളെ വലയിലാക്കി. ഇത് വിശ്വസിച്ച സ്ത്രീകളോട് സ്വർണം നല്കിയാൽ ഓയിൽ കമ്പനിയിൽ നിക്ഷേപിച്ച് മാസാമാസം 16000 രൂപ നല്കാമെന്നും വാഗ്ദാനം നല്കി. മൊത്തം 26 പവനും രണ്ട് ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം ഇയാൾ മുങ്ങുകയും ചെയ്തു.

ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കണ്ണവം സ്വദേശിയിൽ നിന്ന് വാടകക്കെടുത്ത ഇന്നോവ കാറാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇന്നോവയുടെ ഉടമയെ ബന്ധപ്പെട്ട പോലീസ് കാറിലെ ജി.പി.എസ് വഴി ഇയാളെ പിന്തുടരുകയും മംഗളൂരുവിന് സമീപംത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇൻസ്‌പെക്ടർ എസ്.അസീം, സബ് ഇൻസ്‌പെക്ടർ ടി.കെ.മിനിമോൾ, എസ്.ഐമാരായ എം.റോബിൻസൺ, ആർ.വിനോദൻ, എ.എസ്.ഐവി.ജെ.ജോമോൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!