സ്വയം മറുപിള്ള വേ‍ർപെടുത്തി, കുഞ്ഞിനെ ജനൽ വഴി പുറത്തേക്കിട്ടു; 19കാരിക്കെതിരെ വധശ്രമത്തിന് കേസ്

Share our post

ഹരിപ്പാട്: അവിവാഹിതയായ പത്തൊൻപതുകാരി ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കിട്ട സംഭവത്തിൽ, കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിലെത്തിയത്. യുവതി തന്നെ മറുപിള്ള വേർപെടുത്തിയെന്നാണു മനസ്സിലാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു.

കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ‍ർണ വളർച്ചയെത്തിയ പെൺക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

‘രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. ആര്‍ത്തവ വേദനയാണ് എന്ന് പറഞ്ഞാണ് യുവതി ചികിത്സ തേടിയത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടിരുന്നു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു. രാത്രി 12 മണിയോടെ ബാത്ത്‌റൂമില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചെന്ന് പരിശോധിച്ചപ്പോള്‍ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാരെ വിടുകയായിരുന്നു. പീന്നിടാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ആരോഗ്യവതിയാണ്’, എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പ്രതികരിച്ചത്.

ശൗചാലയത്തിൻ്റെ മുകളിലെ ജനലിന്റെ കമ്പിയഴിയുടെ നടുക്കു വിടവുണ്ട്. ഇതിലൂടെയാണ് കുഞ്ഞിനെ പുറത്തേക്കിട്ടത്. താഴെ, കൂർത്ത കമ്പിയും കല്ലുമുണ്ടായിരുന്നു. ഇവയുടെ നടുവിൽ കുറ്റിച്ചെടികൾക്കിടയിലാണ് കുഞ്ഞു വീണത്. അല്പം മാറിയിരുന്നെങ്കിൽ കമ്പിയിൽ വീഴുമെന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്.

ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുണ്ട്. കുഞ്ഞിനെ പെട്ടെന്നുതന്നെ കണ്ടെത്തിയത് രക്ഷയായി. മെഡിക്കൽ കോളേജിൽ കുഞ്ഞിൻ്റെ എക്‌സ്-റേ പരിശോധന നടത്തി. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ ദിലീപും ആർ സി എച്ച് ഓഫീസർ ഡോ പാർവതിയും ഹരിപ്പാട് ആശുപത്രിയിലെത്തി യുവതിയുടെ ചികിത്സാവിവരം ശേഖരിച്ചിട്ടുണ്ട്.

പ്ലസ് ടുവിനുശേഷം റേഡിയോഗ്രഫി പഠിച്ച പെൺകുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഗർഭിണിയാണെന്ന് ബന്ധുക്കൾക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!