പേരാവൂർ താലൂക്കാസ്പത്രി നിർമാണം ഉടൻ പൂർത്തിയാക്കണം; ജൂബിലി ചാക്കോ
പേരാവൂർ: താലൂക്കാസ്പത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യ മന്ത്രി കെ.മുരളീധരന് നിവേദനം നല്കി. 2021 ഫിബ്രവരിയിൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തറക്കല്ലിട്ട സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി കെട്ടിട നിർമാണം രണ്ടുവർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന വാഗ്ദാനം ആറു വർഷമായിട്ടും ഇഴയുകയാണ്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രി വീണാ ജോർജും പേരാവൂരിലെത്തി ആസ്പത്രി നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ എൽ.ഡി.എഫ് സർക്കാർ പേരാവൂർ താലൂക്കാസ്പത്രിയെ അവഗണിക്കുകയായിരുന്നു. ആറളം പുനരധിവാസ കേന്ദ്രത്തിലെയടക്കം മലയോരത്തെ നിർധന രോഗികൾ വലിയ ദുരിതത്തിലാണ്. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ ദൂരെയുള്ള ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്. ഗർഭിണികൾ, വയോധികർ, കുട്ടികൾ, അപകടത്തിൽപ്പെടുന്നവർ തുടങ്ങി നിരവധി വിഭാഗങ്ങൾ സമയബന്ധിത ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്.
ആസ്പത്രിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. ആധുനിക ചികിത്സാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ മന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
