‘ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നായി മുറവിളികൂട്ടി’; വി.ഡി. സതീശനെ പ്രശംസിച്ച് മോഹൻലാൽ
കൊച്ചി: സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേകതകളെന്ന് നടൻ മോഹൻലാൽ. പറവൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കുമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ ഓർമിപ്പിച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
‘മനസിൽ ചങ്ങാതിയുടെ സ്നേഹത്തോടെ ഇടംപിടിച്ച ആൾ’, എന്ന് വി.ഡി. സതീശനെ വിശേഷിപ്പിച്ചായിരുന്നു മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചത്. ‘ഇരട്ടി മധുരമുള്ള ആഘോഷനിമിഷത്തിലാണ് എല്ലാവരും. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രൻ ഒരു നാടിന്റെ മുഖ്യനായി മാറിയ അനർഘനിമിഷം. ഞാനടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ടെന്ന് സതീശൻ സാറിന് അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ കേരളം മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല, കേരളത്തിനാകെ ഈയൊരാളെ വേണമെന്ന് തോന്നാൻ കാരണമെന്താണ് എന്ന് ഞാൻ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്’, മോഹൻലാൽ പറഞ്ഞു.
‘സത്യസന്ധത, സുതാര്യത. ബഹുമാനപ്പെട്ട സതീശൻ സാറിൽ ഇതുരണ്ടും പ്രകടമാണ്. ജീവിതത്തിൽ അങ്ങോളം, എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു. നെഹ്റൂവിയൻ സോഷ്യലിസ്റ്റായ വി.ഡി. സതീശൻ നെഹ്റുവിനെപ്പോലെ വലിയൊരു ഡ്രീമറാവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് ഞാൻ പ്രത്യാശിക്കുന്നു’, അദ്ദേഹം ആശംസിച്ചു.
‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് എന്റെ ഒരു കഥാപാത്രം പറഞ്ഞിട്ടുണ്ട്. കേരളത്തിലിപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. ഉരുക്കുമുഷ്ഠിയും ദൃഢനിശ്ചവുമായി സർക്കാർ മുന്നിൽനിന്നാൽ മയക്കുമരുന്നെന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് സർക്കാരിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’, സ്വന്തം കഥാപാത്രത്തിന്റെ സംഭാഷണം ഓർത്തുകൊണ്ട് മോഹൻലാൽ പറഞ്ഞു.
‘എല്ലാ രാഷ്ട്രീയപാർട്ടിയിൽ ഉള്ളവരുമായും സൗഹൃദം നിലനിർത്തുന്ന ആളാണ് ഞാൻ. കക്ഷിരാഷ്ട്രീയമല്ല രാഷ്ട്രബോധമാണ് എന്നെ എപ്പോഴും നയിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ ജനങ്ങളുടേതുമാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. കലാകാരൻ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തേയും പോലെ വാഗ്ദാനം ചെയ്യുന്നു. സ്വപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും സാധിക്കട്ടെ. അതിന് എല്ലാ പിന്തുണയുമായി സാധാരണക്കാരായ ഞങ്ങളുണ്ട്’, എന്ന വാക്കുകളോടെയാണ് മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചത്.
