ഫ്രീയായി യാത്ര ചെയ്യണമെങ്കിൽ ബസ് വേണ്ടേ? കെ.എസ്.ആർ.ടി.സി സൗജന്യയാത്ര മലബാർ മേഖലയ്ക്ക് ഗുണം ചെയ്യില്ല

Share our post

കോട്ടയം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര ഏർപ്പെടുത്തുമ്പോൾ മലബാർ മേഖലയ്ക്ക് വേണ്ടത്ര ഗുണം കിട്ടില്ലെന്ന് ആശങ്ക. അവിടെ കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവിതാംകൂർ, കൊച്ചി മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണ്.

5799 ബസാണ് കോർപ്പറേഷന് മൊത്തമുള്ളത്. ഓർഡിനറി വിഭാഗത്തിൽ 3007 എണ്ണം. യാത്രാസൗജന്യം ഈ വിഭാഗത്തിൽ മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. ജന്റം അടക്കം ദീർഘദൂര സർവീസുകൾ 2076 എണ്ണമാണ്. സ്വിഫ്റ്റ് സർവീസ് ബസ് 685 എണ്ണം. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്നായിരുന്നു.

ദൂരം, പ്രായം, ട്രാൻസ്ജെൻഡർ, കേരളത്തിൽ സ്ഥിരതാമസം എന്നിങ്ങനെ ഏതെങ്കിലും ഘടകങ്ങൾ മുൻനിർത്തി സൗജന്യയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമോ എന്നും വ്യക്തമല്ല. സൗജന്യയാത്ര നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിൽ അതിനുശേഷം യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചെന്നാണ് കണക്ക്.

വീട്ടുജോലിക്കാർ, ദിവസവേതന തൊഴിലാളികൾ, വിദ്യാർഥികൾ, പ്രായമായവർ, അസംഘടിതമേഖലയിൽ ജോലിചെയ്യുന്നവർ എന്നിവരെല്ലാം സൗജന്യയാത്രാപദ്ധതിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബസില്ലാതെവന്നാൽ പ്രതിഷേധത്തിന് ഇടയാക്കും. അതേസമയം, സൗജന്യയാത്ര യാഥാർഥ്യമായാൽ സ്ത്രീകൾക്ക് കൂടുതൽ ദൂരെപോയി തൊഴിലെടുക്കാൻ കഴിയുമെന്നത് സാമൂഹിക-സാമ്പത്തിക നേട്ടവുമുണ്ടാക്കും.

ജില്ലകളിലെ ബസുകളുടെ എണ്ണം

• കാസർകോട് (151), കണ്ണൂർ(233), വയനാട് (244), കോഴിക്കോട് (230), മലപ്പുറം (154), പാലക്കാട് (206) എന്നിങ്ങനെയാണ് വടക്കൻ ജില്ലകളിലെ കെ.എസ്.ആർ.ടി.സി. ബസ് എണ്ണം.

• മധ്യകേരളത്തിൽ മലബാറിനെ അപേക്ഷിച്ച് എണ്ണം മെച്ചമാണ്. എറണാകുളത്താണ് (460) ഈ മേഖലയിൽ കൂടുതൽ ബസ്. തൃശ്ശൂർ (263), ഇടുക്കി (221), കോട്ടയം (381) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിതി.

• തെക്കൻ മേഖലയിലാണ് കോർപ്പറേഷന് ഏറ്റവും കൂടുതൽ ബസുള്ളത്. തിരുവനന്തപുരത്ത് (920). കൊല്ലം (556), പത്തനംതിട്ട (239), ആലപ്പുഴ (351) എന്നിങ്ങനെയാണിത്.

• സംസ്ഥാനത്ത് ആകെയുള്ള 11936 സ്വകാര്യ ബസിൽ ഭൂരിഭാഗവും മലബാർ, കൊച്ചി മേഖലകളിലാണ്. എറണാകുളം (1403), തൃശ്ശൂർ (1444), പാലക്കാട് (1203), മലപ്പുറം (1493), കോഴിക്കോട് (1414), കണ്ണൂർ (1210) എന്നിങ്ങനെയാണിത്.

• എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര എന്നത് മാറ്റി, സർക്കാർ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ നിശ്ചിത വരുമാനമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഡിജോ കാപ്പൻ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ ആവശ്യപ്പെടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!