ദേശീയപാത നിർമാണം: വേളാപുരത്ത് വയഡക്ട് മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യത

Share our post

പാപ്പിനിശ്ശേരി : ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസ് തുടങ്ങുന്ന വേളാപുരത്ത് റീട്ടെയ്നിങ് വാൾ ഒഴിവാക്കി വയഡക്ട് മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യത. വേളാപുരം–അരോളി മാങ്കടവ് റോഡിലേക്കു അടിപ്പാത നിർമിക്കണമെന്ന ജനകീയ ആവശ്യത്തിന് ഇതോടെ പരിഹാരമാകും. നിലവിൽ കോട്ടക്കുന്ന് നിന്നും കണ്ണൂർ ഭാഗത്തേക്കാണ് വയഡക്ടിന്റെ മാതൃകയിൽ ദേശീയപാത നിർമിക്കുന്നത്. പുതിയ നിർദേശം അനുസരിച്ചു പാപ്പിനിശ്ശേരി വേളാപുരം വരെ പലയിടങ്ങളിലായി വയഡക്ട് രീതിയിൽ തൂണുകളിൽ ഉയർത്തി റോഡ് നിർമാണം നടക്കും.

വേളാപുരം മുതൽ തുരുത്തി വരെ ചതുപ്പ് നിറഞ്ഞ മണ്ണിൽ നിർമിച്ച റീട്ടെയ്നിങ് വാൾ പിന്നീട് തകർന്നു പോകുമെന്ന ആശങ്ക ഒരു വർഷം മുൻപ് പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ദേശീയപാത പ്രോജക്ട് ഡയറക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. മണ്ണിന്റെ ഭാരം വഹിക്കാൻ ശേഷി കുറവായ ചതുപ്പ് സ്ഥലങ്ങളിൽ വൻതോതിൽ മണ്ണിട്ടുയർത്തിയുള്ള നിർമാണം പിന്നീട് ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ സൂചിപ്പിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

തുടർന്നു വേളാപുരത്തും തുരുത്തിയിലും നടത്തിയ മണ്ണുപരിശോധനയിൽ പ്രദേശം ദുർബലമാണെന്നു കണ്ടെത്തിയിരുന്നു. നിലവിൽ നിർമിക്കുന്ന വളപട്ടണം പാലത്തിന്റെ ഇരുവശത്തേക്കും സ്പാനുകൾ നീട്ടും. മണ്ണുറപ്പുള്ള സ്ഥലത്ത് റീട്ടെയ്നിങ് വാൾ ഒഴിവാക്കില്ല. ദുർബലമായ ചതുപ്പ് പ്രദേശങ്ങളിൽ നേരത്തെ നിർമിച്ച റീട്ടെയ്നിങ് വാളിൽ നിറച്ച മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നിർമിച്ച അടിപ്പാതയോടു ചേർന്നു ഇരുഭാഗത്തേക്കും സ്പാനുകൾ നീട്ടി പാലം നിർമിക്കാനാണ് നീക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!