കെ റെയിൽ വേണ്ടെങ്കിൽ വേണ്ട, പക്ഷെ ബദൽ പദ്ധതി എന്തെന്ന് യുഡിഎഫ് സർക്കാർ പറയണം: തോമസ് ഐസക്
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം നേതാവും മുൻ ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ സർക്കാർ ബദൽ പദ്ധതി എന്തെന്ന് വ്യക്തമാക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. എല്ലാ കാലവും റോഡിലൂടെ സഞ്ചരിക്കാൻ ആവില്ലെന്നും കേരളത്തിൻ്റെ വടക്ക്-തെക്ക് സഞ്ചാരത്തിന് കെ റെയിൽ പോലൊരു പദ്ധതി ആവശ്യമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
‘കെ റെയിൽ പദ്ധതിക്ക് പകരം എന്തെന്ന് യുഡിഎഫ് പറയണം. വേണമെങ്കിൽ രാഗാ റെയിൽ എന്ന് പേരിട്ടോട്ടെ, പക്ഷേ ബദൽ എന്ത് എന്ന് പറയണം. ഞങ്ങൾ എല്ലാ കാലവും തുറന്ന മനസ്സോടെയാണ് പദ്ധതിയെ സമീപിച്ചത്. എല്ലാക്കാലവും റോഡിലൂടെ തന്നെ യാത്ര ചെയ്യാൻ ആകുമോ?’ എന്നായിരുന്നു തോമസ് ഐസക്കിൻ്റെ പ്രതികരണം.
കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ നടപടിയിലും തോമസ് ഐസക് പ്രതികരിച്ചു. യാത്ര സൗജന്യമാക്കിക്കോട്ടെയെന്നും എന്നാൽ ടിക്കറ്റ് ചാർജ് സർക്കാർ കെഎസ്ആർടിസിക്ക് നൽകണമെന്നുമാണ് തോമസ് ഐസക് പ്രതികരിച്ചത്. പദ്ധതി നടപ്പിലാക്കിയാൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഒരു മാസം 80 കോടിയുടെ കുറവുണ്ടാകുമെന്നും അത് സർക്കാർ നൽകണമെന്നും അദേഹം പറഞ്ഞു.
ഡീസൽ അടിക്കാൻ കാശില്ലാത്തതിന്റെ പേരിൽ പൂട്ടിയ സ്ഥാപനമാണ് കെഎസ്ആർടിസിയെന്നും അദേഹം ചൂണ്ടിക്കാട്ടി. സൗജന്യ യാത്രയ്ക്ക് സർക്കാർ പണം കണ്ടെത്തിയില്ലെങ്കിൽ കെഎസ്ആർടിസി പൂട്ടേണ്ടിവരുമെന്നും അദേഹം പറഞ്ഞു. എൽഡിഎഫ് പഴയതിലും ശക്തമായി തിരിച്ചുവരും. ജില്ലാ കമ്മിറ്റികളിലെ നിർദേശങ്ങൾ വീണ്ടും ചർച്ച ചെയ്യുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
