മെലഡി ചോക്ലേറ്റ് സ്റ്റോക്ക് തീർന്നു! മോദി-മെലോനി ‘മെലഡി’ റീലിന് പിന്നാലെ ഇന്ത്യയിൽ മിഠായി ക്ഷാമം
ന്യൂഡൽഹി: “മെലഡി ഇത്രയും ചോക്ലേറ്റി ആകാൻ കാരണമെന്താണ്?” – വർഷങ്ങളായി ഇന്ത്യൻ ജനത ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് ഒടുവിൽ സോഷ്യൽ മീഡിയ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്; അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്!
തന്റെ ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ ക്വിക്ക് കോമേഴ്സ് ആപ്പുകളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയിലെല്ലാം മെലഡി മിഠായി മിനിറ്റുകൾക്കകം വിറ്റുതീർന്നു. മെട്രോ നഗരങ്ങളിലടക്കം ഈ ആപ്പുകളിൽ ‘ഔട്ട് ഓഫ് സ്റ്റോക്ക്’ ബോർഡുകളാണ് ഇപ്പോൾ കാണിക്കുന്നത്.
സോഷ്യൽ മീഡിയ ഏറെക്കാലമായി ഇരുനേതാക്കളുടെയും പേരുകൾ ചേർത്ത് വിളിക്കുന്ന ‘മെലോഡി’ എന്ന വാക്ക് തന്നെയാണ് വീഡിയോ പുറത്തുവന്നതോടെ വീണ്ടും തരംഗമായത്. “സമ്മാനത്തിന് നന്ദി” എന്ന കുറിപ്പോടെ മെലോനി തന്നെയാണ് 12 സെക്കൻഡ് ദൈർഘ്യമുള്ള ഈ റീൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വീഡിയോ കണ്ട് കൗതുകം മൂത്ത ഇന്ത്യക്കാർ കൂട്ടത്തോടെ മിഠായി ഓർഡർ ചെയ്യാൻ തുടങ്ങിയതോടെയാണ് ക്വിക്ക് കോമേഴ്സ് ആപ്പുകൾ പ്രതിസന്ധിയിലായത്. ആപ്പിൽ മെലഡി മിഠായിക്കായുള്ള തിരച്ചിൽ പെട്ടെന്ന് കുതിച്ചുയർന്നതായി ബ്ലിങ്കിറ്റ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
