ക്ലൂപ്പിഡേ മത്സ്യക്കുടുംബാംഗം, പ്രോട്ടീൻ കലവറ, ഇക്കുറി ഒന്നൊന്നര വരവ്; മത്തിക്ക് ഈ പേരു ലഭിച്ചത് എങ്ങനെ?
കണ്ണൂർ : ജില്ലയിലെ മിക്ക ഹോട്ടലുകളിലും കഴിക്കാനെന്തുണ്ട് എന്നു ചോദിച്ചാൽ കറിയുടെ കാര്യത്തിൽ മത്തിക്കറിയുണ്ട് എന്നായിരിക്കും ഉത്തരം. കാരണം മത്തി ഇക്കുറി ഒന്നൊന്നര വരവായിരുന്നു. ഒന്നു രണ്ടാഴ്ചയായി പുതിയങ്ങാടി, പാലക്കോട്, തലായി ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കൽ, ആയിക്കര ഹാർബറുകളിലും വള്ളങ്ങളിലും ബോട്ടുകളിലും മത്തിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മത്തിയുടെ ലഭ്യത കണ്ണൂർ തീരത്ത് തീരെ കുറവായിരുന്നു. കേരളത്തിൽ 4 ലക്ഷം ടൺ മത്തി ലഭിച്ചിരുന്നത് കഴിഞ്ഞ രണ്ടുവർഷമായി 30,000 ടൺ ആയി കുറഞ്ഞിരുന്നു. കാലാവസ്ഥ അനുകൂലമായതാണ് ഇത്തവണ വല നിറയെ മത്തി ലഭിക്കാൻ കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.
തമിഴ്നാട് മുതൽ ബംഗാൾ വരെ 4 സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം നടക്കുന്നതിനാൽ അവിടെയുള്ള വ്യാപാരികൾ വരെ കേരളത്തിൽനിന്നു മത്തി വാങ്ങാനെത്തുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഒമാൻ വരെയും സമുദ്രോപരിതല താപനില ഉയർന്ന് സമുദ്ര ഉഷ്ണതരംഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മത്സ്യലഭ്യതയിൽ അതിന്റെ പ്രതിഫലനമുണ്ടായിട്ടില്ല. മഴ തുടങ്ങുകയും തീരക്കടലിന്റെ ചൂടു കുറയുകയും ചെയ്തതോടെ മത്തിയുടെ സീസൺ തുടങ്ങിയെന്നാണു വിലയിരുത്തൽ.
കേടാകാതിരിക്കാൻ
മത്തി വൃത്തിയാക്കി ചെറിയ പാത്രങ്ങളിലാക്കി വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ഏറെദിവസം കേടുകൂടാതെയും രുചിവ്യത്യാസമില്ലാതെയും സൂക്ഷിക്കാനാകും. ഓരോ ദിവസത്തേക്കും ആവശ്യമായത് ഓരോ പാത്രത്തിൽ സൂക്ഷിച്ചാൽ മതി.
ലോകോത്തരം മത്തി
കേരളത്തിൽ മാത്രമല്ല, ലോകത്തുതന്നെ ഏറ്റവും കൂടുതൽ ലഭിക്കുന്ന കടൽ മത്സ്യമാണ് മത്തി. ക്ലൂപ്പിഡേ മത്സ്യക്കുടുംബത്തിൽപെട്ട ഹെറിങ് വർഗത്തിൽപെട്ടതാണിത്. മത്തിക്ക് ഇംഗ്ലിഷിൽ സർഡീൻ എന്നാണ് പറയുക. ഇറ്റലിയിലെ സർഡീനിയ എന്ന ദ്വീപിന്റെ പേരിലാണ് മത്തിക്ക് ഈ പേരു ലഭിച്ചത്. ഇവിടെ മത്തി ധാരാളമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മത്തി ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തീരത്താണ്. അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങൾ മത്തിയുടെ മുഖ്യ ഉറവിടമാണ്.
ജില്ല നാലാമത്
മത്തിയുടെയും മറ്റു മീനുകളുടെയും ലഭ്യതയുടെ കാര്യത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു നമ്മുടെ ജില്ല പിന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്താണു കണ്ണൂർ ജില്ല.
നെയ്മത്തി
ഇപ്പോൾ ലഭിക്കുന്ന മത്തിയിൽ മുട്ടയുണ്ടാകും. എണ്ണമയം ഉള്ളതും രുചികരമായ മാംസവുമാണ് ഇവയുടേത്. ഉരുണ്ടുനീണ്ടതാണിവ. മുതുകിനു പച്ചകൂടിയ ഇരുണ്ടനിറം. ഇരുവശവും തിളക്കമാർന്ന വെള്ള നിറവും ചെതുമ്പലും. ചിറകുകൾ സുതാര്യം. മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഇതിന്റെ സീസൺ. ജൂൺ – ജൂലൈ മാസങ്ങളാണ് പ്രജനന കാലം. ഒക്ടോബർ മുതൽ ഇതിന് നെയ് ഇല്ലാതാകും. രുചി കുറയും. മത്തിയെ പ്രോട്ടീൻ കലവറ എന്നു പറയാം. ഹ്യദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദം കുറയ്ക്കാനും പര്യാപ്തമായ ഒമേഗ 3 ഫാറ്റി ആസിഡ് മത്തിയിൽ ധാരാളമുണ്ട്. കാൽസ്യം, വൈറ്റമിൻ ഡി, ബി 12, ഫോസ്ഫറസ് എന്നിവയാലും സമ്പന്നമാണ്.
ഉപരിതല മത്സ്യമായ മത്തി 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു കൂടുതൽ കണ്ടുവരുന്നത്. 36–38 എംഎം കണ്ണി അകലമുള്ള വലയാണ് സാധാരണയായി മത്സ്യബന്ധനത്തിന് ഉപയോഗിക്കുക. തിമിംഗലം, സ്രാവ്, ചൂര തുടങ്ങിയവയാണ് മത്തിയുടെ പ്രധാന ശത്രുക്കൾ.
