മന്ത്രിസഭയിൽ സണ്ണി ജോസഫിന്റെ റോൾ എന്ത്?; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാൽ പകരം ആര്?

Share our post

ഇരിട്ടി: കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ് ആ കസേരയിൽ തുടരുമോ, വി.ഡി. സതീശന്റെ കാബിനറ്റിൽ ഉണ്ടാകുമോ, ഉണ്ടെങ്കിൽ വകുപ്പേത് ? ആകാംക്ഷയിലാണ് കണ്ണൂരും സണ്ണിയുടെ സ്വന്തം മണ്ഡലമായ പേരാവൂരും. കെ.പി.സി.സി. പ്രസിഡന്റ് പദവിയും മന്ത്രിപദവിയും ഇതുവരെ ആരും ഒന്നിച്ച് വഹിച്ചിട്ടില്ലെന്നതിനാലാണ് യു.ഡി.എഫ്. അധികാരമേൽക്കുമ്പോൾ സണ്ണിയുടെ റോൾ എന്താകും എന്ന ചോദ്യമുയരുന്നത്.

സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാൽ പകരം ആരെന്ന ചോദ്യത്തിനും കോൺഗ്രസ് ഉത്തരംകണ്ടെത്തണം. ഇക്കാര്യത്തിലെ തർക്കം ഒഴിവാക്കാൻ അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ മന്ത്രിസഭയിലുണ്ടാകുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ ഉറപ്പിച്ച് പറയുന്നു. വകുപ്പ്‌ ഏതാകും എന്ന കാര്യത്തിലേ സംശയമുള്ളൂ എന്നാണ് അവർ പറയുന്നത്. മന്ത്രിസഭയിൽ കണ്ണൂരിൽനിന്ന് പ്രതിനിധി വേണമെന്നതിനാലും നാലാംതവണ എം.എൽ.എ. ആയ സണ്ണി ജോസഫിന്റെ സീനിയോറിറ്റി കണക്കിലെടുത്തും അദ്ദേഹം മന്ത്രിസഭയിലുണ്ടാകുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. ജില്ലയിൽനിന്നുള്ള മറ്റ് രണ്ട് കോൺഗ്രസ് എം.എൽ.എ.മാരായ സജീവ് ജോസഫും ടി.ഒ. മോഹനനും സണ്ണിയേക്കാൾ ജൂനിയറാണ്. മുഖ്യമന്ത്രിസ്ഥാനം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട കെ.സി. വേണുഗോപാൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാൽ സമവാക്യങ്ങൾ പലതും മാറി മറിയും.

വി.‍ഡി. സതീശൻ പ്രതിപക്ഷ നേതാവായും സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റുമായി പ്രവർത്തിച്ച കഴിഞ്ഞ ഒരുവർഷം കാര്യമായ അഭിപ്രായഭിന്നതയില്ലാതെ യോജിച്ച് നീങ്ങാൻ കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയായി സതീശൻ എത്തുമ്പോഴും പാർട്ടി നേതൃത്വം സണ്ണിയിൽത്തന്നെ നില്ക്കട്ടെയെന്ന് നേതൃത്വം തീരുമാനിക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് മുതിർന്ന നേതാക്കൾ രംഗത്തുവന്ന സാഹചര്യവും ഇതോടൊപ്പം പരിഗണിക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലും സമുദായ അടിസ്ഥാനത്തിലും ഉണ്ടാകാനിടയുള്ള വടംവലി ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്ന് കരുതുന്നവരുമുണ്ട്.

മന്ത്രിയാകുകയാണെങ്കിൽ പ്രധാന വകുപ്പ് തന്നെ കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയിൽ സണ്ണിക്ക് ലഭിച്ചേക്കും. റവന്യൂ വകുപ്പാകുമെന്നാണ് സണ്ണിയെ അനുകൂലിക്കുന്നവർ പറയുന്നത്. വനം വകുപ്പ് കിട്ടാനുള്ള സാധ്യതയും ചിലർ കാണുന്നു. നേരത്തെ പേരാവൂർ മണ്ഡലത്തെ പ്രതിനിധാനംചെയ്ത കെ.പി. നൂറുദ്ദീൻ കെ. കരുണാകരൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. കുടിയേറ്റ മേഖലയിൽനിന്നുള്ള ജനപ്രതിനിധിയെന്നനിലയിൽ കൃഷി മന്ത്രിയായി പരിഗണിച്ചേക്കുമെന്ന് കരുതുന്നവരുമുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!