നേതാക്കൾ കൂട്ടത്തോടെ കെപിസിസി ആസ്ഥാനത്ത്, തിരക്കിട്ട ചർച്ചകൾ; മന്ത്രിമാരെ രാത്രിയോടെ അറിയാം

Share our post

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് തിരക്കിട്ട ചർച്ചകളുടെ ദിനം. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. വൈകുന്നേരത്തോടെ ചർച്ചകൾ ചൂടുപിടിച്ചു. രാത്രിയോടെ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്തത വന്നേക്കും.

കെപിസിസി ആസ്ഥാനത്തെത്തുന്ന നേതാക്കൾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സണ്ണി ജോസഫ്, ദീപാ ദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് ഉടൻ രൂപം നൽകുമെന്നാണ് വിവരം. രാത്രിയോടെ മന്ത്രിമാരുടെ പട്ടിക പൂർണമായേക്കും. വകുപ്പുകളും രാത്രിയോടെ അറിയാൻ കഴിഞ്ഞേക്കും.

കോൺഗ്രസിന്റെ മാന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായതായാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടാതെ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളിലാണ് ധാരണയായിട്ടുള്ളത്. ചാണ്ടി ഉമ്മൻ, ഐസി ബാലകൃഷ്ണൻ, എപി അനിൽകുമാർ തുടങ്ങിയവരുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസ്ഥാനം കിട്ടണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌. മന്ത്രിസ്ഥാനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിംലീഗിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിൽ ഒരുവിഭാഗം എതിർപ്പറിയിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പാണ്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും കെപിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ കാണാനാണ് വന്നതെന്നും വയനാടിന് മന്ത്രി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ആരാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ആർഎസ്പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും കെപിസിസി ആസ്ഥാനത്ത് തുടരുന്നുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!