സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം; വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി വി.ഡി. സതീശൻ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നത് ആദ്യമായാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.
