വീട്ടിൽപോയി ചോദിക്ക്, ഡാഷ് മോനേ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കി; പിണറായി നയിക്കേണ്ടിയിരുന്നില്ല,വിമർശനം
കൊല്ലം: വൻപരാജയത്തിനുശേഷം പിണറായി വിജയൻ വീണ്ടും പ്രതിപക്ഷ നേതാവായത് ശരിയായില്ലെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നും വിമർശനമുയർന്നു.
പിണറായി നയിച്ചതാണ് കനത്തതോൽവിക്ക് കാരണമെന്നും അദ്ദേഹം മാറിനിന്ന് പുതിയ ടീം നയിക്കണമായിരുന്നെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിക്കെതിരായ വോട്ട് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയിലൂടെ പാർട്ടിതന്നെ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. മേൽത്തട്ടിൽ ചില നേതാക്കളെ പ്രീണിപ്പിച്ചതാണ് അടിയൊഴുക്കുണ്ടാകാൻ കാരണം.
വികസന ക്ഷേമപ്രവർത്തനങ്ങൾ ഏറെയുണ്ടായെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നു. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ജനമനസ്സ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു.
പാർട്ടിക്കും മുന്നണിക്കും ഉള്ളിൽനിന്നുതന്നെ വലിയനിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി.
എല്ലാ ജനവിഭാഗങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. ഈ ജനവികാരം മനസ്സിലാക്കാൻ പാർട്ടിക്കും നേതാക്കൾക്കും കഴിയാതെപോയി. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും എൽ.ഡി.എഫിനെ കൈവിട്ടു.
ജില്ലയിൽ ഏകോപനം പാളി
കൊല്ലത്ത് ഇടതുമുന്നണിക്കുണ്ടായ വൻതകർച്ച ആഴത്തിൽ പരിശോധിക്കണം. നേതാക്കൾക്ക് ഇതിൽ കൃത്യമായ പങ്കുണ്ടെന്ന് വിമർശനമുണ്ടായി. ജില്ലാ നേതൃത്വം പൂർണ പരാജയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാ സെൻറർ പൂർണ പരാജയമായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ എന്നിവർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ശനി, ഞായർ ദിവസങ്ങളിൽ സി.പി.എം. ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്.
സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റിലും രൂക്ഷവിമർശനം
‘മുഖ്യമന്ത്രി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കി. അദ്ദേഹം വീണ്ടും പാർട്ടി അണികളെ വെല്ലുവിളിയ്ക്കുകയാണ്. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണ്.
അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം. ഇല്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടാകും. ഭാര്യയെ സംരക്ഷിക്കാൻ ഇറങ്ങിയ എം.വി. ഗോവിന്ദൻ പാർട്ടിയെ സംരക്ഷിക്കാൻ മറന്നുപോയി ’. വെള്ളിയാഴ്ച ചേർന്ന സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ പിണറായി-ഗോവിന്ദൻ വിരുദ്ധ രൂക്ഷവിമർശനം കേട്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നിശബ്ദരായി ഇരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന്ശേഷം നടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ മുൻമന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു. പാർട്ടിയെ നോക്കുകുത്തിയാക്കി പ്രവർത്തിച്ച മന്ത്രിമാർ ജനത്തെ പാർട്ടിയിൽനിന്ന് അകറ്റി. കമ്യൂണിസ്റ്റ് പാരമ്പര്യം ഇല്ലാതെ വന്നപലരും വഴി മറന്നവരായി മാറി.
മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പെരുമാറ്റരീതിയും ശൈലികളും കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ജില്ലാ കമ്മിറ്റിയിലും വിമർശനം തുടരാൻ ഇടയുണ്ട്.
