ചൂരൽമല ടൗൺഷിപ്പ്; 40 വീടുകൾ കൂടി കൈമാറി, പൂർത്തിയായത് 123 വീടുകളുടെ കൈമാറ്റം

Share our post

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ കൈമാറുന്ന ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്കുള്ള വീടുകളിൽ 40 എണ്ണംകൂടി കൈമാറി. സോൺ ഒന്നിലെ ജി ക്ലസ്റ്ററിലെ 14 വീടും എച്ച് ക്ലസ്റ്ററിലെ 10 വീടും ബി ക്ലസ്റ്ററിലെ 10 വീടും സോൺ മൂന്നിലെ ജി ക്ലസ്റ്ററിലെ അഞ്ചുവീടുമാണ് തിങ്കളാഴ്ച കൈമാറിയത്. രാവിലെയും ഉച്ചയ്ക്കുമായി ഓരോ ക്ലസ്റ്ററിലെയും സോൺ അടിസ്ഥാനത്തിലാണ് വീടുകൾ കൈമാറിയത്. ഇതോടെ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 123 ആയി.

ആദ്യഘട്ടത്തിൽ ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്ക് 178 വീടുകളാണ് നൽകുന്നത്. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരുംദിവസങ്ങളിൽ നടക്കും. കിഫ്കോൺ- ഊരാളുങ്കൽ കോ-ഒാപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി സംയുക്ത പരിശോധനയും പൂർത്തിയാക്കിയശേഷമാണ് വീടുകൾ കൈമാറുന്നത്.

പരിശോധ പൂർത്തിയായിക്കഴിഞ്ഞാൽ വീടിന്റെ പൂർണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്കാവും. ഈ വീടുകളിൽ ഗുണഭോക്താക്കൾക്ക് എപ്പോൾവേണമെങ്കിലും താമസം തുടങ്ങാം. താമസത്തിനായി വരുമ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി താക്കോൽ കൈമാറും.

എന്നാൽ, 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശം നടത്താനാണ് അതിജീവിതരുടെ തീരുമാനം. അതുകൊണ്ട് നിലവിൽ ആരുംതന്നെ താമസം തുടങ്ങിയിട്ടില്ല. ബാക്കിയുള്ള വീടുകൾകൂടി വരുംദിവസങ്ങളിൽ കൈമാറിക്കഴിഞ്ഞാൽ മഴയ്ക്ക് മുൻപേ ഗൃഹപ്രവേശം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് അതിജീവിതർ.

ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ യോഗം ചേർന്നശേഷമാണ് വീടുകൾ കൈമാറുന്നത്. വീടിന്റെ നിർമാണത്തെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. ഗുണഭോക്താക്കളുടെ നിർദേശങ്ങളും അധികൃതർ യോഗത്തിൽ രേഖപ്പെടുത്തി.

അതിജീവനത്തിന്റെ പാതയിൽ പുതുജീവിതം

ഉരുൾപൊട്ടൽദുരന്തത്തിന്റെ ഓർമ്മകളുമായാണ് അതിജീവിതർ ഓരോരുത്തരും ടൗൺഷിപ്പിലെ വീടുകളിലേക്ക് പുതിയ ജീവിതം തുടങ്ങാനൊരുങ്ങുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പലദിക്കുകളിലേക്ക് ചിതറിപ്പോയവർ വീണ്ടും ഒത്തുചേരുന്നതിന്റെ സന്തോഷവും ടൗൺഷിപ്പിൽ നിറയുകയാണ്. മൂന്നാംഘട്ട പരിശോധയ്ക്ക് എത്തുന്നവരുടെ സംസാരത്തിൽ നിറയെ പഴയ ഓർമ്മകളും പുതിയ പ്രതീക്ഷകളുമൊക്കെ നിറയുകയാണ്.

ഉരുൾപൊട്ടലിൽ വീടുതകർന്ന് സ്വയംരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടുപേരെക്കൂടി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മാതൃകയായ ചൂരൽമല പൂക്കാട്ടിൽ ഷഹനയുൾപ്പെടെയുള്ളവർ തിങ്കളാഴ്ച ടൗൺഷിപ്പിലെത്തി. ഉരുൾപൊട്ടിയ ആ രാത്രി ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്നും ടൗൺഷിപ്പിൽ എല്ലാവരും ഒരുമിച്ച് താമസം തുടങ്ങുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും ഷഹന പറഞ്ഞു. ടൗൺഷിപ്പിൽ നല്ലവീടാണ് ലഭിച്ചതെന്നും സന്തോഷമുണ്ടെന്നും ഷഹനയുടെ പിതാവ് അഷ്റഫും പറഞ്ഞു. ഭാര്യ മുനീറ, മക്കളായ ഷഹന, ഷഹദ, പേരക്കുട്ടി ഇസ മറിയം എന്നിവരോടൊപ്പമാണ് അഷ്റഫ് ടൗൺഷിപ്പിലെത്തിയത്.

അപാകമില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ

ഇതുവരെ കൈമാറിയത് 123 വീടുകൾ മൂന്നുഘട്ടങ്ങളിലായി സമഗ്രപരിശോധന നടത്തി നിർമാണത്തിൽ അപാകമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് വീടുകൾ കൈമാറുന്നത്. ആദ്യം യു.എൽ.സി.സി.എസ്. അധികൃതരുടെ നേതൃത്വത്തിൽ 24 മണിക്കൂർ വെള്ളംകെട്ടിനിർത്തിയുള്ള പോണ്ടിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. രണ്ടാംഘട്ടത്തിൽ കിഫ്കോൺ- യു.എൽ.സി.സി.എസ്. അധികൃതരുടെ സംയുക്തപരിശോധന നടത്തും. വീട് മുഴുവനായി സമഗ്രപരിശോധനയ്ക്ക് വിധേയമാക്കി എന്തെങ്കിലും അപാകം ഉണ്ടെങ്കിൽ പരിഹരിക്കാനാണിത്. ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയുള്ളതാണ് മൂന്നാംഘട്ട പരിശോധന. ഗുണഭോക്താക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും നിർമാണത്തിൽ അപാകമില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് മൂന്നാംഘട്ട പരിശോധന നടത്തുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!