നരയമ്പാറയിലെ വീട്ടുമുറ്റത്തും ഈന്തപ്പഴ വിളവെടുപ്പുകാലം
മട്ടന്നൂർ: അറബ് നാടുകളിൽ മാത്രം കൂടുതലായും കണ്ടു വരുന്ന ഈന്തപ്പഴം മട്ടന്നൂരിലെ മണ്ണിലും കായ്ച്ച് വിളവെടുപ്പിന് പാകമാകുന്നു. വ്യാപാരിയായ കെ.പി. ജാസിറിന്റെ നരയമ്പാറ ഐഡിയൽ മസ്ജിദിനു സമീപത്തെ ഹയാത്ത് എന്ന വീട്ടുമുറ്റത്താണ് ഈന്തപ്പനകൾ കുലച്ച് പാകമായി വരുന്നത്.
ഏഴു വർഷം മുന്പ് ബംഗളൂരുവിലെ യാത്രയ്ക്കിടെ ഒരു കൗതുകത്തിനായിരുന്നു രണ്ടുവർഷം പ്രായമുള്ള നാല് തൈകൾ വാങ്ങിയത്. രണ്ടുവീതം ആൺ പെൺ തൈകളായിരുന്നു വാങ്ങിയത്. ഇവയിൽ വീടിന്റെ മുൻവശത്ത് നട്ടു വളർത്തിയ രണ്ട് പെൺപനകളാണ് വളർന്നു പന്തലിച്ച് കായകളാൽ സന്പന്നമായി നിൽക്കുന്നത്. ഒരു പനയിലെ കുലകൾ പഴുത്ത് തുടങ്ങിയിട്ടുണ്ട്.
വേനലിലാണ് സാധാരണ ഈന്തപ്പനകൾ കായ്ക്കുന്നത്. പൂവിട്ട ശേഷം ഏകദേശം അഞ്ചോ ആറോ മാസമെടുത്താണ് ഈന്തപ്പഴം പൂർണമായി പാകമാകുക. ഗൾഫ് രാജ്യങ്ങളിൽ ഓഗസ്റ്റ് മാസത്തോടെയാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. അപൂർവമായി കേരളത്തിലും ഈന്തപ്പനകൾ കായ്ക്കാറുണ്ട്. എന്നാൽ, ഇവിടെ ഈസമയം മഴയാകുന്നത് പഴങ്ങൾ പാകമാകുന്നതിന് വെല്ലുവിളിയാകാറുണ്ട്. വരണ്ട കാലാവസ്ഥയും കടുത്ത സൂര്യപ്രകാശവുമാണ് ഈന്തപ്പനകളുടെ മികച്ച വളർച്ചയ്ക്കും വിളവിനും ആവശ്യമെന്നതിനാൽ ജാസിൽ നല്ല വെയില് കിട്ടുന്നിടത്താണ് ജാസിർ തൈകൾ നട്ടു വളർത്തിയത്.
ഗൾഫുമായുള്ള മലയാളികളുടെ ബന്ധം പലയിടത്തും ഈന്തപ്പനങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ചൂടാണ് ഈന്തപ്പഴം കായ്ക്കാൻ കാരണമായതെന്നാണ് ജാസിർ പറയുന്നത്. വരുംകാലങ്ങളിൽ ചൂട് കൂടുകയാണെങ്കിൽ ഒരുപക്ഷേ കേരളത്തിലും ഈന്തപ്പനകൾ സാധാരണ കാഴ്ചയായി മാറിയേക്കും.
