ഹോർമുസിൽ യുഎസ്-ഇറാൻ ഏറ്റുമുട്ടൽ; തുറമുഖങ്ങൾ ലക്ഷ്യമിട്ട് യുഎസ്; ‘സ്നേഹപൂർവമുള്ള ആക്രമണ’മെന്ന് ട്രംപ്

Share our post

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഏഴിന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടായ ആദ്യ ഏറ്റുമുട്ടലാണിത്.

ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നും ഇത് പ്രതിരോധപരമായ നീക്കമാണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ഇറാനിയൻ ആക്രമണങ്ങൾക്കുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ സൈനിക നീക്കത്തെ ‘സ്നേഹപൂർവമുള്ള ആക്രമണം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ പ്രകോപനം തുടരുകയാണെങ്കിൽ ഇതിലും ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എത്രയുംവേഗം സമാധാന കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇതിലും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഈ ആക്രമണം യുദ്ധത്തിന്റെ പുനരാരംഭമോ വെടിനിർത്തൽ കരാറിന്റെ ലംഘനമോ അല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

സമാധാന കരാറിൽ ഉടൻ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!