തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിനുവേണം മേൽക്കൂര
തലശ്ശേരി : ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ മേൽക്കൂര വേണമെന്നാവശ്യം ശക്തമാവുന്നു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇരു പ്ലാറ്റ്ഫോമുകൾക്കും പിറകിൽ വിശാലമായ പാർക്കിങ് സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. പാർക്കിങ് യാഡ് ഒരുക്കുന്നതിനായി തണൽ മരങ്ങളെല്ലാം മുറിച്ചതോടെ ഇവിടെ കടുത്ത വെയിലാണ്. വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടെങ്കിലും വെയിലും മഴയും ഏൽക്കാതെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കില്ല.
നൂറുകണക്കിന് വാഹനങ്ങൾ വെയിലത്താണ് നിർത്തിയിടുന്നത്. പല യാത്രക്കാരും സ്റ്റേഷനിൽ രണ്ടും മൂന്നും ദിവസം പാർക്ക് ചെയ്തശേഷമാണ് വാഹനങ്ങൾ എടുക്കുന്നത്. കോടികൾ ചെലവിട്ട് വികസനം നടത്തിയ സ്റ്റേഷനിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി. എന്നാൽ, മേൽക്കൂര സ്ഥാപിക്കാൻ കഴിയാത്തത് എന്താണ് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. കടുത്ത ചൂടിൽ ഇന്ധനം നഷ്ടമുണ്ടാകുന്നതായും വെയിലേറ്റ് വാഹനങ്ങളുടെ പെയ്ന്റിന് മങ്ങലേൽക്കുന്നതായും പരാതിയുണ്ട്.
ഇനി വരാൻപോകുന്നത് മഴക്കാലമാണ്. ഇരുചക്രവാഹനങ്ങൾ നിരന്തരമായി മഴനനഞ്ഞാൽ അത് കേടാകാനുള്ള സാധ്യത കൂടുതലാണ്. മലയോരമേഖലയിൽനിന്നുൾപ്പെടെ ദിവസവും നിരവധി ആളുകൾ യാത്രചെയ്യുന്ന റെയിൽവേ സ്റ്റേഷനിലാണ് പാർക്കിങ് ഏരിയയിൽ മേൽക്കൂര വേണമെന്നാവശ്യം ഉയരുന്നത്. മാഹിയിലും വടകരയിലുമുൾപ്പെടെ നേരത്തേതന്നെ ഷെൽട്ടർ നിർമിച്ചിട്ടുണ്ട്. ഇവിടെയും പാർക്കിങ് ഏരിയയിൽ ഷെൽറ്റർ വേണമെന്നാണ് യാത്രക്കാർ പറയുന്നത്. ബൈക്കുകളിലെ ഹെൽമെറ്റ് മോഷണം പതിവാകുന്നതായും പരാതിയുണ്ട്. പാർക്കിങ് കൗണ്ടറിൽ ഏൽപ്പിക്കുന്ന ഹെൽമെറ്റുകൾക്ക് മാത്രമേ സുരക്ഷയുള്ളൂ.
ഉടൻതന്നെ മേൽക്കൂര നിർമിക്കുമെന്നും ജോലിക്കാരെ കിട്ടാത്തതിനാലാണ് പ്രവൃത്തി വൈകുന്നതെന്നും പാർക്കിങ് നടത്തിപ്പുകാരായ ഗ്രാഫോൺ ഇന്നോവേറ്റീവ് ഡിജിറ്റൽ സൊല്യൂഷൻസ് സൂപ്പർവൈസർ കെ.നജാദ് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് തലശ്ശേരി. ഇവിടെ 2024 ഡിസംബറിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികളും നടത്തിയിരുന്നു.
