ഹജ്ജ് സീസൺ; ഹറമൈൻ ട്രെയിൻ സർവീസുകൾ മെയ് അഞ്ച് മുതൽ, ഒരുക്കങ്ങൾ പൂർത്തിയായി
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായി ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകളിൽ വൻ വർധനവ് പ്രഖ്യാപിച്ച് സൗദി അറേബ്യൻ റെയിൽവേ . വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഇത്തവണ 22.1 ലക്ഷത്തിലധികം സീറ്റുകളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിലധികം സീറ്റുകളുടെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് യാത്ര സുഗമമാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മെയ് 5 ചൊവ്വാഴ്ച മുതൽ ഹജ്ജ് സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ് സീസണിലുടനീളം മൊത്തം 5,308 സർവീസുകളാണ് ഹറമൈൻ ട്രെയിൻ നടത്തുക. തിരക്കേറിയ സമയങ്ങളിൽ പ്രതിദിനം 142 സർവീസുകൾ വരെ ഉണ്ടാകും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദൂരം വെറും രണ്ട് മണിക്കൂർ കൊണ്ട് പിന്നിടും. പൂർണമായും പരിസ്ഥിതി സൗഹൃദമായ 35 ട്രെയിനുകളാണ് സർവീസിനായി സജ്ജീകരിച്ചിരിക്കുന്നത്. ജിദ്ദ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം, കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ഈ യാത്ര തീർഥാടകർക്ക് ഏറെ ആശ്വാസകരമാകും.
