‘കെ.സുധാകരനെതിരെയുള്ള കത്ത് സണ്ണി ജോസഫ് തന്നെ അയച്ചതാണ്, എന്തോ അദ്ദേഹത്തിന് മറച്ചുവെക്കാനുണ്ട്’
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ വിവാദ കത്ത് കേസിലെ പ്രതി കെ.ജെ. ജോസഫ്. പ്രസിഡന്റിന്റെ അറിവോടെ കെപിസിസി ഓഫീസിൽ നിന്നാണ് കത്തയച്ചതെന്ന് കെ.ജെ. ജോസഫ് പറഞ്ഞു. കെ. സുധാകരനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സണ്ണ് ജോസഫിന്റെ പേരിൽ വന്ന കത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെ.ജെ. ജോസഫ് പ്രതിചേർക്കപ്പെടുന്നത്.
കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് തനിക്ക് ഈ കത്ത് അയച്ചുതന്നതെന്നും സണ്ണി ജോസഫിന്റേത് അണികൾക്കിടയിൽ പിടിച്ചുനിൽക്കാനുള്ള തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിൽക്കുമ്പോൾ തന്നെ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോഴും പിന്തുടർന്ന് ആക്രമിക്കുന്ന നിലയാണുള്ളത്. മൂന്ന് നാല് കോൺഗ്രസ് പ്രവർത്തകരാണ് എനിക്ക് ആ കത്ത് അയച്ചുതരുന്നത്. പ്രധാനപ്പെട്ട ആളുകളാണ്. പേര് പറയുന്നില്ല. എന്നെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് സൈബർ പോലീസ് പ്രതിചേർത്തിരിക്കുന്നത്. – കെജെ. ജോസഫ് പറഞ്ഞു.
യുഡിഎഫ് കേരള എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ഇത് ആദ്യം വന്നിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഞാനാണിതെല്ലാം ചെയ്തതെന്ന് പ്രചരിപ്പിക്കുന്നത് സണ്ണിയെ സംബന്ധിച്ചിടത്തോളം അണികൾക്കിടയിൽ പിടിച്ചുനിൽക്കാനുള്ള ഒരു തട്ടിപ്പാണ്. എന്തോ അദ്ദേഹത്തിന് മറച്ചുവെക്കാനുണ്ട്. എന്റെ തലയിൽ കെട്ടിവെച്ച് തലയൂരി രക്ഷപ്പെടാനുണ്ട് എന്നുള്ളതാണ് വസ്തുത. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സണ്ണി ജോസഫ് അയച്ച കത്ത് തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം നടത്തുന്ന ഈ നിഴൽ നാടകം. അത് ആർക്കും മനസിലാകും.
തന്റെ പേര് പറഞ്ഞാണ് സണ്ണി ജോസഫ് പരാതി കൊടുത്തിരിക്കുന്നത്. പല ഫെയ്‌സ്ബുക്ക് പേജുകളിലും ഇങ്ങനെ വന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന് പോലീസിനോട് പറയാമായിരുന്നു. അങ്ങനെ അന്വേഷിച്ചാൽ യഥാർഥ ആളെ കിട്ടുകയും ചെയ്യുമായിരുന്നു. പക്ഷേ അതിന് പകരം അദ്ദേഹം ചെയ്തത് എന്റെ പേര് പറഞ്ഞ് 164 സ്റ്റേറ്റ്മെന്റ് കൊടുക്കുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ട് ഇത്തരത്തിലുള്ള ഉമ്മാക്കി കണ്ടാ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇത്തരത്തിലുള്ള നിലപാട് അദ്ദേഹത്തെ രക്ഷപ്പെടുത്തില്ലെന്നും കെ.ജെ. ജോസഫ് കൂട്ടിച്ചേർത്തു.
