എങ്ങുമെത്താതെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സ് നിർമാണം
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ത്രീ സ്റ്റാർ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിന്റെ നിർമാണം ഇഴഞ്ഞു തന്നെ. കരാർ കലാവധി തീരാൻ ആറുമാസം അവശേഷിക്കെ നാലിലൊന്ന് പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. സൈറ്റിൽ ആവശ്യമായ തൊഴിലാളികളുടെ പകുതി പേർ മാത്രമാണ് പ്രവൃത്തി നടത്തുന്നത്.
കരാർ കലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെങ്കിൽ ദിനം പ്രതി 100 തൊഴിലാളികളെ നിയോഗിക്കണം. പ്രവൃത്തിയുടെ ആരംഭം മുതൽ തന്നെ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെന്ന പരാതി ഉയർന്നിരുന്നു. കിഎഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 68.72 കോടി രൂപ ചെലവിലാണ് സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സ് നിർമിക്കുന്നത്. പ്രവൃത്തി തുടങ്ങി ഒന്നരവർഷം പൂർത്തിയാകുമ്പോൾ 25 ശതമാനം ജോലി മാത്രമാണ് പൂർത്തിയായത്.
അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന 9094 സ്ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമാണ കാലാവധി 28 മാസമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും വോട്ടുചെയ്യാനായി നാട്ടിലേക്ക് പോയതോടെ നിർമാണം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാണ്.
ആശുപത്രിയിലെ പഴയ ബ്ലോക്കിനും പുതിയ ഒപി ബ്ലോക്കിനും നടുവിലായുള്ള ചെരുവിലാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചതിന് ശേഷമാണ് എസ്റ്റിമേറ്റിൽ ഇല്ലാതിരുന്ന സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള നിർദേശം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് മറ്റ് നിർമാണ പവർത്തികളെയെല്ലാം ബാധിച്ചു.
130 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി
നിർമാണത്തിന്റെ ആദ്യഘത്തിൽ തടസമയത് സ്ഥലത്തെ മരം മുറിച്ചുമാറ്റാൻ വന്ന കാലതാമസമായിരുന്നു. സ്ഥലത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും തിരിച്ചടിയായി. പദ്ധതിയിൽ ഇല്ലാതിരുന്ന കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കേണ്ടതായി വന്നു. 130 മീറ്റർ നീളവും എട്ടു മുതൽ മൂന്നു മീറ്റർവരെ ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് ഭിത്തിയാണ് കെട്ടിടത്തിന്റെ സംരക്ഷണത്തിനായി പൂർത്തിയാക്കിയത്.
നിർമാണ കാലാവധി കൂട്ടിക്കിട്ടാനുള്ള നടപടി തുടങ്ങി
നിലവിലെ സാഹചര്യത്തിൽ നിർമാണ കാലാവധിക്കുള്ളിൽ കെട്ടിടത്തിന്റെ 50 ശതമാനം പ്രവർത്തികൽ പോലും പൂർത്തിയാകില്ല. കരാറു കമ്പിനിക്ക് സമയം കൂട്ടി നല്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കെഎസ്ഇബിക്കാണ് പദ്ധതിയുടെ മേൽനോട്ടം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ.
